ലയാളത്തിൽ തുടരെ നല്ല റോളുകൾ ലഭിച്ച ഏക നടി മീര ജാസ്മിനാണ്. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി മീരയെ തേടി വന്നു. സൂപ്പർതാര സിനിമകളിലും മീരയ്ക്ക് വളരെ നല്ല കഥാപാത്രങ്ങൾ ലഭിച്ചു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മീര താരറാണിയായി മാറി. സിനിമകൾ തെരഞ്ഞടുക്കുന്നതിൽ മീര ശ്രദ്ധ പുലർത്തി. നായകന്റെ നിഴലിൽ നിൽക്കുന്ന റോളുകൾ മീര ചെയ്തിട്ടില്ല. കരിയർ എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്ന വ്യക്തമായ ധാരണ മീരയ്ക്കുണ്ടായിരുന്നു. തന്റെ കഴിവിൽ നല്ല ആത്മവിശ്വാസവും മീര വെച്ച് പുലർത്തി.

ഇപ്പോഴിതാ, തമിഴ് സിനിമാ നിർമാതാവ് ​ഗണേശ് രഘു മീര ജാസ്മിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മൗനം പേസിയത് എന്ന സിനിമയിൽ മീരയെ നായികയായി പരി​ഗണിച്ചിരുന്നെന്ന് ഇദ്ദേഹം പറയുന്നു. മീര ജാസ്മിനെയായിരുന്നു ആദ്യം നായികയാക്കൻ ആ​ഗ്രഹിച്ചത്. കണ്ടപ്പോൾ വളരെ ഇഷ്ടമായി. പക്ഷെ ആ സമയത്ത് കേരളത്തിൽ എന്തോ വിവാ​ദം നടക്കുന്നുണ്ട്. ഇവർ നായികയായി വന്നാൽ ശരിയാകില്ലെന്ന് തോന്നി. അങ്ങനെയാണ് ചിത്രത്തിലേക്ക് തൃഷ എത്തുന്നതെന്ന് ​ഗണേശ് രഘു വ്യക്തമാക്കി.

ദേഷ്യപ്പെടും, സെറ്റിൽ നിന്നും ഇറങ്ങിപ്പോകും തുടങ്ങിയ ആരോപണങ്ങളാണ് മീരയ്ക്ക് നേരെ അക്കാലത്ത് വന്നത്. ഒരു പരിധി വരെ ഈ വിവാദങ്ങൾ മീരയുടെ ഉയർച്ചയെ ബാധിച്ചു. സംവിധായകൻ കമൽ മീരയ്ക്കെതിരെ തുറന്നെഴുതുന്ന സാഹചര്യമുണ്ടായി.

മീരയ്ക്ക് സ്വപ്നക്കൂട്, പെരുമഴക്കാലം, ​ഗ്രാമഫോൺ, മിന്നാമിന്നിക്കൂട്ടം എന്നീ ശ്രദ്ധേയ സിനിമകൾ നൽകിയ സംവിധായകനാണ് കമൽ. 2010 ന് ശേഷം മീര കരിയറിൽ വീഴ്ച നേരിട്ടു. ഒരുപാട് കാലം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന മീര ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുന്നുണ്ട്.