മുംബൈ: 'ദൃശ്യം 3' ഹിന്ദി പതിപ്പിൽ നിന്ന് നടൻ അക്ഷയ് ഖന്ന പിന്മാറിയതിനെ തുടർന്ന് താരത്തിനെതിരെ നിയമനടപടിക്കൊരുങ്ങി നിർമാതാക്കൾ. പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പിന്മാറ്റത്തിന് കാരണമെന്നും, 21 കോടി രൂപയാണ് അക്ഷയ് ഖന്ന പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും നിർമാതാക്കൾ പറയുന്നു. പനോരമ സ്റ്റുഡിയോസാണ് ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്. നിർമാതാവ് കുമാർ മംഗത് പതക് ഇക്കാര്യം സ്ഥിരീകരിച്ചു.

പ്രതിഫലത്തുക സംബന്ധിച്ച് അക്ഷയ് ഖന്നയുമായി മൂന്ന് തവണ ചർച്ച നടത്തിയെന്നും, എന്നാൽ പിന്നീട് നടൻ ഫോൺ കോളുകളോട് പ്രതികരിക്കാൻ പോലും തയ്യാറായില്ലെന്നും പതക് പറഞ്ഞു. പ്രതിഫലത്തുകയ്ക്ക് പുറമെ, ചിത്രത്തിലെ നടന്റെ ലുക്കുമായും ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. 'ദൃശ്യം 2'വിൽ വിഗ്ഗില്ലാത്ത ലുക്കിലാണ് അക്ഷയ് ഖന്ന പ്രത്യക്ഷപ്പെട്ടതെങ്കിൽ, 'ദൃശ്യം 3'ൽ വിഗ്ഗ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതാണ് തർക്കത്തിന് ഒരു കാരണമെന്ന് റിപ്പോർട്ടുകൾ.

'ഛാവ', 'ധുരന്ദർ' എന്നീ ചിത്രങ്ങളുടെ വിജയത്തിന് പിന്നാലെയാണ് അക്ഷയ് ഖന്ന 21 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും ഹിന്ദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്ഷയ് ഖന്നക്ക് പകരം നടൻ ജയ്ദീപ് അഹലാവത്ത് 'ദൃശ്യം 3'ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 2026 ഒക്ടോബർ രണ്ടിനാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഈ ചിത്രം അലോക് ജെയ്‌നും അജിത് അന്ദാരയും ചേർന്നാണ് നിർമിക്കുന്നത്.