- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചിത്രീകരണം തുടങ്ങുന്ന ദിവസം നായകൻ പിന്മാറി, ഇതോടെ എലിപ്പനിയെന്ന് കള്ളം പറഞ്ഞ് നായികയും പോയി'; വെളിപ്പെടുത്തലുമായി പ്രൊഡക്‌ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ
കൊച്ചി: അഖിൽ മാരാർ നായകനാവുന്ന 'മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്‌ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന ദിവസം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാൻ അഡ്വാൻസ് നൽകിയ താരം വ്യക്തിപരമായ കാരണങ്ങളാൽ വരാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
ഇത് അണിയറപ്രവർത്തകർക്ക് ബോധ്യമുള്ള കാര്യമായതിനാൽ മറ്റൊരു നടനെ വെച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചു. എന്നാൽ, 50,000 രൂപ അഡ്വാൻസ് വാങ്ങി ലൊക്കേഷനിലെത്തിയ നായിക, നായകൻ വരില്ലെന്നറിഞ്ഞതോടെ പിന്മാറുകയായിരുന്നുവെന്ന് ആസാദ് പറയുന്നു. പെട്ടെന്ന് പനി വന്ന നായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ഡോക്ടറുമായി ചേർന്ന് നടത്തിയ 'നാടകീയ' നീക്കങ്ങൾക്കൊടുവിൽ രോഗം എലിപ്പനിയാണെന്ന് അണിയറപ്രവർത്തകരെ അറിയിക്കുകയും തുടർന്ന് സിനിമയിൽ നിന്ന് പിന്മാറുകയുമായിരുന്നു.
ഒരു ഷോട്ട് പോലും എടുക്കാനാവാതെ ആദ്യ ദിവസം ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. നടിയുടെ പേര് പിന്നീട് വെളിപ്പെടുത്തുമെന്നും ആസാദ് കൂട്ടിച്ചേർത്തു. എന്നാൽ, സിനിമയുടെ കഥയിലുള്ള ഉറച്ച വിശ്വാസം കാരണം പിന്മാറാൻ അണിയറപ്രവർത്തകർ തയ്യാറായില്ല. രണ്ടാം ദിവസം പുതിയ അഭിനേതാക്കളെ ഉൾപ്പെടുത്തി ചിത്രീകരണം പുനരാരംഭിച്ചു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സിനിമയെ ഒരു ഗെയിം ഷോ പോലെ കാണുന്ന ചില പുതുമുഖങ്ങളുടെ മനോഭാവത്തെയും ആസാദ് വിമർശിച്ചു. ഒരു സിനിമ യാഥാർത്ഥ്യമാക്കാൻ സംവിധായകനും നിർമ്മാതാവും നടത്തുന്ന വർഷങ്ങളുടെ പ്രയത്നത്തെക്കുറിച്ച് അവർ ബോധവാന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു.