ഹൈദരാബാദ്: ലോകമെമ്പാടുമുള്ള അല്ലുഅര്‍ജ്ജുന്‍ ആരാധകര്‍ ആകംഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 വിന്റെ റിലീസ് കൗണ്ട്ഡൗണ്‍ തുടങ്ങി.2024 ഡിസംബര്‍ ആറിനാണ് പുഷ്പ 2 റിലീസ് ചെയ്യുക.ചിത്രത്തിന്റെ കൗണ്ട് ഡൗണ്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.അല്ലു അര്‍ജുന്‍ ആണ് പോസ്റ്ററില്‍ ഉള്ളത്. ഇനി നൂറ് ദിവസമാണ് ചിത്രം റിലീസ് ചെയ്യാന്‍ ബാക്കിയുള്ളത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പൊലീസ് വില്ലന്‍ കഥാപാത്രത്തെയാണ് പുഷ്പയില്‍ ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്.പുഷ്പ ക്ലൈമാക്സില്‍ ആയിരുന്നു പുഷ്പ രാജും ഭന്‍വറും ഒന്നിച്ചെത്തിയത്. രണ്ടാം ഭഗത്തില്‍ ഇരുവരുടെയും മാസ് ആക്ഷന്‍, കോമ്പിനേഷന്‍ സീനുകള്‍ അടക്കമുള്ളവ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകര്‍.

മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന പുഷ്പ 2വില്‍ രശ്മിക മന്ദാന തന്നെയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തിടെ ആദ്യഭാഗത്തിന്റെ എഡിറ്ററായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയിരുന്നു.തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം. റൂബന്‍ പിന്‍മാറിയതിന് പിന്നാലെ സംവിധായകന്‍ സുകുമാര്‍ മറ്റൊരു പ്രമുഖ എഡിറ്ററായ നവീന്‍ നൂലിയെയാണ് പുഷ്പ 2 ഏല്‍പ്പിച്ചിരിക്കുന്നത്.

ഇതിനകം ചിത്രത്തിന് മികച്ച പ്രീ സെയിലാണ് ലഭിച്ചതെന്നാണ് വിവരം. ഗ്യാരണ്ടി നല്‍കാത്ത 200 കോടി രൂപയ്ക്ക് ചിത്രത്തിന്റെ ഉത്തരേന്ത്യന്‍ വിതരണ അവകാശം വിറ്റുപോയി എന്നാണ് വിവരം.