കൊച്ചി: അന്തരിച്ച് നടൻ കലാഭവൻ നവാസിനെ അനുസ്മരിച്ച് നടൻ റഹ്മാൻ. നവാസിന്റെ മരണം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് റഹ്മാൻ പറഞ്ഞു. പ്രാർത്ഥിക്കുകയല്ലാതെ എന്താണ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. കൂടിക്കാഴ്ചകൾ അപൂർവമായിരുന്നെങ്കിലും, നവാസുമായുള്ള കൂട്ട് എന്നും മനസ്സിൽ ഉണ്ടായിരുന്നതായും സോഷ്യൽ മീഡ‍ിയയിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിൽ റഹ്മാൻ പറയുന്നു.

റഹ്‌മാന്റെ ഫേസ്ബുക്ക് കുറിപ്പ്:

പൂർത്തിയാകാതെ പോയ ഒരു സിനിമയുടെ ദുബായിയിലെ സെറ്റിൽ വച്ചാണ്, വർഷങ്ങൾക്കു മുമ്പ്, നവാസിനെയും സഹോദരൻ നിയാസിനെയും പരിചയപ്പെടുന്നത്. ആ സിനിമയിൽ എൻ്റെ കൂട്ടുകാരൻ്റെ വേഷമായിരുന്നു നവാസിന്. പിന്നീടുള്ള കൂടിക്കാഴ്ചകൾ അപൂർവമായിരുന്നെങ്കിലും, ആ കൂട്ട് എന്നും മനസ്സിൽ ഉണ്ടായിരുന്നു.

ഇപ്പോൾ

പൂർത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. പ്രാർത്ഥിക്കുകയല്ലാതെ എന്താണ് ചെയ്യുക?

ആദരാഞ്ജലികൾ.

കഴിഞ്ഞ ദിവസം കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകീട്ട് ആറുമണിയോടെ ഹോട്ടലിലെത്തിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. എട്ട് മണിക്ക് തിരിച്ചുമടങ്ങുമെന്ന് നവാസ് ജീവനക്കാരെ അറിയിച്ചിരുന്നു. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. എട്ടുമണിക്ക് റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒന്‍പതു മണിയോടടുത്തിട്ടും പുറത്തുവരുന്നത് കണ്ടില്ല.

ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. മറ്റു സഹപ്രവര്‍ത്തകരെല്ലാം ചെക്കൗട്ട് ചെയ്ത് പോവുകയും ചെയ്തു. ഇതോടെയാണ് റൂമില്‍ പോയി നോക്കിയത്. റൂം അകത്തു നിന്നും ലോക്ക് ചെയ്തിരുന്നില്ല. തുറന്നുനോക്കിയപ്പോള്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടു. സോപ്പും തോര്‍ത്തും വസ്ത്രവുമടക്കം കട്ടിലിലുണ്ടായിരുന്നു. ഉടന്‍തന്നെ അടുത്ത കേന്ദ്രങ്ങളിലായുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും കൂട്ടി ആശുപത്രിയിലെത്തിച്ചു. ഹോട്ടലില്‍നിന്ന് കൊണ്ടുപോവുമ്പോള്‍ ശരീരത്തിന് അനക്കമുണ്ടായിരുന്നു. ഒന്‍പതുമണിയോടെയാണ് ആശുപത്രിയിലെത്തി. അപ്പോള്‍ മരണം സ്ഥിരീകരിച്ചു. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കര്‍ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കള്‍: നഹറിന്‍, റിദ്‌വാന്‍, റിഹാന്‍.