മൈസൂർ: തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ 'പെദ്ധി'യുടെ വമ്പൻ ഗാനചിത്രീകരണം മൈസൂരിൽ പുരോഗമിക്കുന്നു. പ്രശസ്ത നൃത്തസംവിധായകൻ ജാനി മാസ്റ്റർ ഒരുക്കുന്ന ഈ ഗാനത്തിൽ ആയിരത്തിലധികം നർത്തകർ അണിനിരക്കുന്നുണ്ട്.

അക്കാദമി അവാർഡ് ജേതാവായ എ.ആർ. റഹ്‌മാനാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രാം ചരണിന്റെ മാസ്സ് പ്രകടനം കൊണ്ട് ശ്രദ്ധേയമാകുന്ന ഈ ഗാനം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന 'പെദ്ധി' 2026 മാർച്ച് 27-ന്, രാം ചരണിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.