ഹൈദരാബാദ്: ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ശ്രദ്ധേയരായ സംവിധായകരിൽ ഒരാളാണ് ശങ്കർ. കോളിവുഡിൽ വലിയ ബോക്സ് ഓഫീസ് ഹിറ്റുകൾ ഒരുക്കിയ സംവിധായകന്റെ വരാനിരിക്കുന്ന ചിത്രമാണ് 'ഗെയിം ചേഞ്ചർ'. രാം ചരൺ നായകനായെത്തുന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചുവരവാണ് സംവിധായകൻ ലക്ഷ്യമിടുന്നത്. ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗമായിരുന്നു ശങ്കറിന്റെ അവസാന ചിത്രം.

എന്നാൽ വലിയ പ്രതീക്ഷകളോടെ തീയേറ്ററിൽ എത്തിയ ചിത്രം ബോക്സ് ഓഫിസിലും പരാജയമായി. മാത്രമല്ല ആരാധകർക്കിടയിൽ ഉണ്ടായ നിരാശ വൻ വിമർശനങ്ങൾക്കും കാരണമായി. തുടർന്നാണ് തെലുങ്കിൽ ഭാഗ്യ പരീക്ഷണവുമായി ശങ്കർ എത്തിയത്. ചിത്രത്തിന്റെ ടീസർ ഉൾപ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ഇപ്പോൾ പുറത്ത് വരുന്നത്.

'നാനാ ഹൈറാനാ' എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനകം 3 മില്ല്യണില്‍ ഏറെ കാഴ്ചക്കാരെ ഗാനം നേടിയെങ്കിലും വലിയ ട്രോളാണ് ചിത്രം ഏറ്റുവാങ്ങുന്നത്. 15 കോടി രൂപ ബജറ്റിലാണ് ഈ ട്രാക്ക് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

എന്നാല്‍ ഗാനത്തിലെ ഗ്രാഫിക്സും മറ്റും വലിയ വിമര്‍ശനമാണ് നേടുന്നത്. സോഷ്യൽ മീഡിയയിലൂടെ വലിയ നിരാശയാണ് പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. ഷങ്കര്‍ പുതിയ ടെക്നോളജിയിലേക്ക് എത്തിയില്ലെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യാപകമായി വരുന്ന വിമർശനം. കല്ല്യാണ ആല്‍ബത്തിന്‍റെ നിലവാരത്തിലാണ് ചില ഷോട്ടുകള്‍ എന്നും പലരും വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

ചിത്രം ഇത്രയധികം പണം ചിലവാക്കി വന്‍ സ്കെയിലിൽ എടുക്കുമ്പോഴും ഗെയിം ചേഞ്ചർ ഗാനത്തിൽ വിഎഫ്എക്സ് അങ്ങേയറ്റം അമേച്വറാണ് എന്നാണ് പല ആരാധകരും ചൂണ്ടിക്കാട്ടുന്നത്. നെറ്റിസൺമാരിൽ പലരും ദൃശ്യങ്ങൾ പ്രഭാസ് നായകനായ ആദിപുരുഷുമായി താരതമ്യപ്പെടുത്തുന്നുണ്ട്. ആദിപുരുഷ് കടുത്ത മത്സരമാണ് ഈ പാട്ട് എന്നാണ് പലരും പറയുന്നത്.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ നേരത്തെ വന്ന രണ്ട് ഗാനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. എസ് തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്. ഐഎഎസ് ഓഫീസറുടെ വേഷമാണ് രാം ചരൺ അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന മദൻ കഥാപാത്രമാണ് രാം ചരൺ വെള്ളിത്തിരയിൽ എത്തിക്കുന്നത്. തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.