ചെന്നൈ: തെലുങ്ക് സിനിമാ മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ടോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണ. ബാലയ്യ എന്നാണ് താരത്തെ ആരാധകരും തെലുങ്ക് സിനിമാ ലോകവും അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത്. 1974 ല്‍ പുറത്തിറങ്ങിയ തത്തമ്മ കാല എന്ന ചിത്രത്തിലൂടെയാണ് ബാലയ്യ തെലുങ്ക് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

ഇതോടെ സിനിമയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ബാലയ്യയ്ക്ക് ആശംസകള്‍ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ബാലയ്യയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രജിനികാന്തും. എക്‌സിലൂടെയായിരുന്നു രജനികാന്ത് അഭിനന്ദനമറിയിച്ചത്.

'ആക്ഷന്‍ കിങ്! കളക്ഷന്‍ കിങ്! ഡയലോഗ് ഡെലിവറി കിങ്! എന്റെ പ്രിയ സഹോദരന്‍ ബാലയ്യ സിനിമാ മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു, ഇപ്പോഴും ശക്തമായി തുടരുന്നു. ഒരു വലിയ നേട്ടമാണിത്! അദ്ദേഹത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന് മനസമാധാനവും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ'- എന്നാണ് രജനികാന്ത് കുറിച്ചിരിക്കുന്നത്.

അതേസമയം ബിബി4 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് നന്ദമൂരി ബാലകൃഷ്ണയുടേതായി ഇനി വരാനുള്ളത്. സംവിധായകന്‍ ബോയപതി ശ്രീനുവുമായുള്ള ബാലയ്യുടെ നാലാമത്തെ ചിത്രമാണിത്. സിംഹ, ലെജന്‍ഡ്, അഖണ്ഡ എന്നീ ചിത്രങ്ങളിലാണ് ഇരുവരും മുന്‍പ് ഒന്നിച്ചത്.