- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിരിയാണി' സംവിധായകൻ ഒരുക്കുന്ന 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി'; പ്രധാന വേഷത്തിൽ റീമ കല്ലിങ്കൽ; ട്രെയിലർ പുറത്ത്; ചിത്രം ഒക്ടോബർ 16ന് തിയേറ്ററുകളിൽ
കൊച്ചി: സജിൻ ബാബു സംവിധാനം ചെയ്ത 'തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി' എന്ന ചിത്രത്തിന്റെ ട്രെയിലർ നടൻ പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ എന്നിവർ നിർമ്മിച്ച് സന്തോഷ് കോട്ടായി സഹനിർമാണം നിർവഹിച്ച ചിത്രത്തിൽ റിമ കല്ലിങ്കലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരുടെ അഭിനയമാണ് ട്രെയിലറിലെ പ്രധാന ആകർഷണം.
'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിൻ ബാബുവിന്റെ തനതായ സിനിമാശൈലി ഈ ചിത്രത്തിലും കാണാം. ഒക്ടോബർ 7 ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം, മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ചിത്രത്തിന്റേതെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. കാൻ ചലച്ചിത്രമേളയിൽ ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പ്രകാശനം ചെയ്തിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ടാറ്റർസ്ഥാൻ-ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ (TIME) സാംസ്കാരിക പരിപാടിയുടെ ഭാഗമായി 2025 ഒക്ടോബർ 8-നും 9-നും റഷ്യയിലെ കസാനിൽ വെച്ചാണ് പ്രദർശനം. ഈ ഫോറത്തിൽ ഇന്ത്യൻ സിനിമയെക്കുറിച്ചുള്ള പ്രത്യേക പരിപാടികളും ചർച്ചകളും നടക്കും.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പ്രദർശനത്തിൽ പങ്കെടുക്കുകയും പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യും. സജിൻ ബാബു 'ആധുനിക ഇന്ത്യൻ സിനിമ: സമകാലിക പ്രവണതകൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പ്രശസ്ത സംവിധായകൻ ഡോ. ബിജു 'ഇന്ത്യൻ സിനിമയും സംസ്കാരാതീതമായ കഥാവതരണങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ചിത്രം 2025 ഒക്ടോബർ 16 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.