കൊച്ചി: ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമായ 'പണി' യുടെ റിലീസ് തീയതി പുറത്ത്. ചിത്രം ഒക്ടോബർ 24 ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. അറുപതോളം പുതിയ താരങ്ങളും അഭിനയിക്കുന്നുണ്ടെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

സിനിമയുടേതായി നേരത്തേ പുറത്തുവിട്ട പോസ്റ്ററും 'മറന്നാടു പുള്ളേ' എന്ന ഗാനവുമെല്ലാം സോഷ്യൽ മീഡിയ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രത്തില്‍ ജോജുവിന്‍റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്.

110 ദിവസത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നത്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം വേണു ISC, ജിന്‍റോ ജോർജും, ചിത്രസംയോജനം മനു ആന്‍റണിയുമാണ്.