കൊച്ചി: കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം 'റിവോൾവർ റിറ്റ' നവംബർ 28ന് തിയറ്ററുകളിലെത്തും. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം, കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മാസ്സ് അവതരണത്തിലാണ് ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

മുഴുനീള എന്റർടൈനറായാണ് 'റിവോൾവർ റിറ്റ' എത്തുന്നത് എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വിജയ് നായകനായ 'ഗോട്ട്', 'മാനാട്' എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ജെ.കെ. ചന്ദ്രുവാണ് ഈ ചിത്രത്തിലൂടെ സംവിധായക രംഗത്തേക്കും അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഷോൺ റോൾഡൻ ആണ്. ദിനേശ് ബി. കൃഷ്ണൻ ഛായാഗ്രഹണവും പ്രവീൺ കെ.എൽ. എഡിറ്റിങ്ങും നിർവഹിക്കുന്നു.

പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കീർത്തി സുരേഷിനോടൊപ്പം രാധിക ശരത്കുമാർ, റെഡിൻ കിംഗ്സ്ലി, മിമി ഗോപി, സെൻട്രയൻ, സൂപ്പർ സുബ്ബരായൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.