കോയമ്പത്തൂർ: വലിയ പ്രതീക്ഷയോടെത്തിയ 'കങ്കുവ' തീയേറ്ററുകളിൽ പരാജയമായതോടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഒരുങ്ങുകയാണ് സൂര്യ. സൂര്യ 45 എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ ജെ ബാലാജിയാണ്. പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ആര്‍ ജെ ബാലാജി സൂര്യയുടെ ചിത്രത്തിനായി ഒരുക്കുന്നതെന്നാണ് വിവരം.

സൂര്യയുടെ കരിയറിലെ 45-ാം ചിത്രമാണ് ഇത്. എന്നാൽ ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ആനമലയിലെ അരുൾമിഗു മാസാനി അമ്മൻ ക്ഷേത്രത്തിൽ ഇന്നലെ നടന്നു. ഡ്രീം ബിഗ് പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. പൂജയ്ക്ക് ശേഷം ആർ ജെ ബാലാജി ചിത്രത്തിന്‍റെ കോയമ്പത്തൂരിലെ ആദ്യ ഷെഡ്യൂളിലേക്ക് നീങ്ങും.

അവിടെ അദ്ദേഹം സൂര്യയും മറ്റ് പ്രധാന അഭിനേതാക്കളും അവതരിപ്പിക്കുന്ന സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കും. നിർമ്മാതാക്കളായ എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്ന് ചിത്രം 2025 രണ്ടാം പകുതിയിൽ സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

ഒരു ഗ്രാമീണ കഥയാണ് ചിത്രം പറയുന്നത് എന്നാണ് വിവരം. അതേ സമയം വലിയൊരിടവേളക്ക് ശേഷം തൃഷ സൂര്യക്കൊപ്പം ഒന്നിക്കുന്നു എന്ന വാർത്തകളും നേരത്തെ പുറത്ത് വന്നിരുന്നു. മുന്‍പ് ആറു എന്ന ചിത്രത്തിലാണ് സൂര്യയുടെ നായികയായി തൃഷ എത്തിയിരുന്നത്. ഈ ചിത്രം വിജയമായിരുന്നു.

മൂക്കുത്തി അമ്മൻ, വീട്ട് വിശേഷങ്ങൾ എന്നീ ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ആർജെ ബാലാജി. ആക്ഷൻ-കോമഡി വിഭാഗത്തിൽ പെടുന്നതായിരിക്കും ചിത്രം എന്നും റിപ്പോർട്ടുകൾ ഉണ്ട്. സംഗീതം നൽകുന്നത് എആര്‍ റഹ്മാന്‍ ആയിരിക്കും. മുമ്പ് നടൻ സൂര്യ അഭിനയിച്ച സില്ലിന് ഒരു കാതൽ, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിൽ എആര്‍ റഹ്മാന്റെ സംഗീതം ആയിരിന്നു. ചിത്രത്തിന്റെ അപ്ഡേറ്റ് വന്നപ്പോൾ തന്നെ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുകയാണ്.