കൊച്ചി: മോഹൻലാൽ നായകനായി ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'റൺ ബേബി റൺ' റീ റിലീസിനൊരുങ്ങുന്നു. ഈ ജനുവരി 16-ന് 4കെ അറ്റ്മോസ് പതിപ്പിൽ വീണ്ടും തിയേറ്ററുകളിലെത്തും. 2012-ൽ പുറത്തിറങ്ങിയ ചിത്രം പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നവീകരിച്ച ദൃശ്യ-ശ്രാവ്യ മികവോടെ വീണ്ടും പ്രദർശനത്തിനെത്താനൊരുങ്ങുന്നത്. മാധ്യമപ്രവർത്തകരായ വേണുവിന്റെയും രേണുവിന്റെയും കൗതുകകരവും ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥയാണ് സച്ചി തിരക്കഥയൊരുക്കിയ 'റൺ ബേബി റൺ'.

ഗാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ 4കെ അറ്റ്മോസ് പതിപ്പ് റോഷിക എൻ്റെർപ്രൈസസ് ആണ് തിയേറ്ററുകളിലെത്തിക്കുന്നത്. മോഹൻലാലിനൊപ്പം ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരന്നിരുന്നു. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ, ജെയ്ക്ക് ബിജോയ്സ് സംഗീത സംവിധാനം നിർവഹിച്ചു.

സമീപകാലത്ത് മലയാള സിനിമയിൽ പഴയ ചിത്രങ്ങൾ റീ റിലീസ് ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, കഴിഞ്ഞ വർഷം ഇത്തരത്തിൽ പുറത്തിറങ്ങിയ എട്ട് ചിത്രങ്ങളിൽ മൂന്നെണ്ണത്തിന് മാത്രമാണ് ബോക്സ് ഓഫീസിൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞത്. അടുത്ത കാലത്തായി പഴയ ഹിറ്റ് സിനിമകൾ പുത്തൻ സാങ്കേതിക വിദ്യയോടെ തിയറ്ററുകളിൽ എത്തിക്കുന്നത് വലിയ ട്രെൻഡായി മാറിയിട്ടുണ്ട്. ‘സ്ഫടികം’, ‘മണിച്ചിത്രത്താഴ്’, ‘ദേവാസുരം’ തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ‘റൺ ബേബി റണ്ണും’ തിയറ്ററുകളിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ.