കൊച്ചി: പ്രേക്ഷകശ്രദ്ധ നേടിയ 'സാഹസം' എന്ന ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ എത്തുന്നു. ഫ്രണ്ട്‌റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച ചിത്രം ഒക്ടോബർ 1 മുതൽ സൺ നെക്സ്റ്റ് വഴി പ്രേക്ഷകരിലേക്ക് എത്തും. ബിബിൻ കൃഷ്ണയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ഈ വർഷം ഓഗസ്റ്റ് 8-നാണ് 'സാഹസം' തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഹ്യൂമർ ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ അജു വർഗീസ്, നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, സജിൻ ചെറുകയിൽ, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഫ്രണ്ട്‌റോ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രമാണിത്.

ചിത്രത്തിലെ 'ഓണം മൂഡ്' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. യൂട്യൂബിൽ 30 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഈ ഗാനം, ഇൻസ്റ്റഗ്രാം റീലുകളിലും യൂട്യൂബ് ഷോർട്സുകളിലും വലിയ തോതിൽ ഉപയോഗിക്കപ്പെട്ടു.

ബിബിൻ കൃഷ്ണയും യദുകൃഷ്ണയും ദയാ കുമാറുമാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവർ ഗാനരചന നിർവഹിച്ചപ്പോൾ ബിബിൻ ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്. ആൽബിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.