കൊച്ചി: മലയാള സിനിമയിൽ ഇതിനോടകം തരംഗമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി' സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. വളരെ കൗതുകം ഉണർത്തുന്ന ട്രെയ്‌ലർ കൂടിയാണ് പുറത്തുവിട്ടിരിക്കുന്നത്. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക.

വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. 'ചുരുളി', 'ജാൻ എ. മൻ', 'രോമാഞ്ചം', 'നെയ്മർ', 'ചാവേർ' തുടങ്ങിയ ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ സജിൻ എത്തിയിട്ടുണ്ട്.

നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'ആവേശം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സിന്‍റേയും അർബൻ ആനിമലിന്‍റേയും ബാനറിൽ ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് നിർമ്മാണം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ 'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിതു മാധവൻ രചന നിർവഹിക്കുന്നതാണ് ചിത്രമെന്ന പ്രത്യേകതയും കൂടി ഉണ്ട്.