ടെലിവിഷൻ ഷോകളിലൂടെയും നിരവധി ചടങ്ങുകളിലൂടെയും നൃത്തസംവിധായകനായി ശ്രദ്ധേയനായ സാൻഡി മാസ്റ്റർ, ഇപ്പോൾ അഭിനേതാവെന്ന നിലയിൽ തെന്നിന്ത്യൻ സിനിമയിൽ തരംഗമായി മാറിയിരിക്കുകയാണ്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലെ ശക്തമായ വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച അദ്ദേഹത്തിന്റെ അഭിനയ മികവ് സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാവുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് നായകനായ 'ലിയോ' എന്ന ചിത്രത്തിലൂടെയായിരുന്നു സാൻഡി മാസ്റ്ററുടെ അഭിനയ അരങ്ങേറ്റം. ചിത്രത്തിലെ സൈക്കോ വില്ലനായി തകർത്തഭിനിയിച്ച അദ്ദേഹത്തെ കണ്ട് പ്രേക്ഷകർ അത്ഭുതപ്പെട്ടിരുന്നു. പിന്നാലെ, മലയാളത്തിൽ വൻ സ്വീകാര്യത നേടിയ 'ലോക' എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. കർക്കശക്കാരനായ പോലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട സാൻഡി, പിന്നീട് ചിത്രത്തിൽ ഒരു വാമ്പയർ ആയി മാറുന്ന രംഗങ്ങൾ ഏറെ കയ്യടി നേടി.

'ലിയോ'യ്ക്കും 'ലോക'യ്ക്കും പിന്നാലെ, അനുപമ പരമേശ്വരൻ നായികയായ തെലുങ്ക് ഹൊറർ ത്രില്ലർ 'കിഷ്കിന്ദാപുരി' എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സാൻഡി മാസ്റ്റർ. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം 'പീക്ക് ലെവൽ' ആണെന്നും ഇനിയും ഇത്തരം കഥാപാത്രങ്ങൾ നൽകണമെന്നും നിരവധിപേർ അഭിപ്രായപ്പെടുന്നു. മൂന്നു സിനിമകളിലൂടെ സിനിമാ അഭിനയത്തിൽ സാൻഡി മാസ്റ്റർ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.