മുംബൈ: സംവിധായക റോളിൽ നിന്നും വീണ്ടും അഭിനയ രംഗത്തേക്ക് സജീവമാകുകയാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജ് നായകനായെത്തുന്ന ‘സർസമീൻ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തുന്നു. ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്. സൈനിക വേഷത്തിലാണ് പൃഥ്വി എത്തുന്നത്.

സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വ്യത്യസ്തമായൊരു വേഷത്തിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ട്രെയിലറിലെ താരത്തിന്റെ പ്രകടനം വലിയ ശ്രദ്ധ നേടുകയാണ്. ജമ്മു കാശ്മീരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പരസ്പര സ്നേഹത്തിനും രാജ്യത്തോടുള്ള കടമയ്ക്കും ഇടയിൽ കുടുങ്ങിയ ഒരു കുടുംബത്തെ കഥയാണ് പറയുന്നത്. പൃഥ്വിരാജിന്റെ മകനായാണ് ഇബ്രാഹിം വേഷമിടുന്നത്. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.

നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹർ ആണ് നിർമാണം. സൗമിൽ ശുക്ലയും അരുൺ സിങും ചേർന്നാണ് തിരക്കഥ. പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ഇബ്രാഹിമിന്റെ രണ്ടാം ചിത്രമാണിത്. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ 'നാദാനിയാൻ' എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന് ആരാധകരിലും നിരൂപകരിലും നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.