കൊച്ചി: സെൻസർ ബോർഡിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് തിരക്കഥാകൃത്ത് ഹർഷദ് രംഗത്തെത്തി. മലയാള സിനിമകളിൽ ബോർഡിന്റെ ഇടപെടലുകളിൽ വർധിച്ചു വരുന്നതിനിടെയാണ് ഹർഷദിന്റെ വിമർശനം. കേരളത്തിലും സംഘ്പരിവാർ അജണ്ട മറയില്ലാതെ നടപ്പാക്കിത്തുടങ്ങുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സമീപകാലത്ത് പുറത്തിറങ്ങിയ നിരവധി സിനിമകളിൽ സെൻസർ ബോർഡിന്റെ കത്രികവീശിയതായി റിപ്പോർട്ടുകളുണ്ട്. പൃഥ്വിരാജ്-മോഹൻലാൽ ചിത്രം 'എമ്പുരാനി'ൽ 24 ഇടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. സുരേഷ് ഗോപി നായകനായ 'ജെ.എസ്.കെ' എന്ന ചിത്രത്തിലെ 'ജാനകി' എന്ന പേരും സെൻസർ ബോർഡിന് പ്രശ്നമായതായി സൂചനകളുണ്ട്. ഷെയ്ൻ നിഗം നായകനായ 'ഹാൽ', ഇന്ദ്രൻസ്, മീനാക്ഷി അനൂപ് എന്നിവർ പ്രധാന വേഷത്തിലെത്തിയ 'പ്രൈവറ്റ്' തുടങ്ങിയ സിനിമകളും സെൻസർ ബോർഡിന്റെ ഇടപെടലിന് വിധേയമായിട്ടുണ്ട്.

സിനിമ നിർമ്മാണം വലിയ മുതൽമുടക്കുള്ള ബിസിനസ് ആയതിനാൽ, എതിർപ്പുകൾക്ക് പരിധിയുണ്ടെന്നും കാലക്രമേണ സിനിമാ പ്രവർത്തകർ ഇതിന് വഴങ്ങുമെന്നും സെൻസർ ബോർഡ് മനസ്സിലാക്കുന്നുണ്ടെന്ന് ഹർഷദ് ആരോപിച്ചു. സംഘ്പരിവാറിനെയും ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപിക്കുന്ന സർക്കാരുകളെയും പ്രകോപിപ്പിക്കാത്ത, സുഖിപ്പിക്കുന്ന വിഷയങ്ങൾ മാത്രം സിനിമകളിൽ ഉൾപ്പെടുത്താൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിതരാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് ഒരുതരം ശീലമായി മാറുന്നതിന് മുൻപ് ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.