കൊച്ചി: സുരേഷ് ഗോപിക്ക് സൂപ്പർ സ്റ്റാർ പദവി നേടിക്കൊടുത്ത എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ 'കമ്മീഷണർ' റീ റിലീസിനൊരുങ്ങുന്നു. രൺജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം, ആധുനിക ശബ്ദ-ദൃശ്യ വിസ്മയങ്ങളോടെയാണ് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. എം. മണിയായിരുന്നു ചിത്രത്തിൻ്റെ നിർമ്മാതാവ്. രണ്ട് ദിവസങ്ങൾക്ക് മുൻപ് റിലീസായ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഭരത് ചന്ദ്രൻ ഐ.പി.എസ് എന്ന സത്യസന്ധനും കർമ്മധീരനുമായ പോലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ചടുലമായ സംഭാഷണങ്ങൾ, ഉദ്വേഗജനകമായ രംഗങ്ങൾ, മികച്ച ആക്ഷൻ എന്നിവയാൽ 'കമ്മീഷണർ' പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ഇന്നും ഏറെ പ്രശംസ നേടിയെടുക്കുന്നു.

ഈ ചിത്രത്തോടുള്ള പ്രേക്ഷകരുടെ സ്നേഹം കണക്കിലെടുത്താണ് 4K അറ്റ്മോസ് പതിപ്പ് പുറത്തിറക്കുന്നത്. മഹാലഷ്മി ഫിലിംസും തെക്കുടൻ ഫിലിംസും സഹകരിച്ചാണ് പുനരാവിഷ്കരണം നടത്തുന്നത്. ഹൈ സ്റ്റുഡിയോസ് ആണ് ചിത്രത്തിൻ്റെ 4K റീമാസ്റ്ററിംഗ് നിർവ്വഹിക്കുന്നത്. 'ദേവദൂതൻ', 'ഛോട്ടാ മുംബൈ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇവർ 4K റീമാസ്റ്റർ ചെയ്യുന്ന ചിത്രമാണിത്.

റിലീസിനു മുന്നോടിയായി പുറത്തിറങ്ങിയ ടീസർ, 4K പതിപ്പിൻ്റെ 'ബിഫോർ ആൻഡ് ആഫ്റ്റർ' പതിപ്പ് എന്ന നിലയിൽ ശ്രദ്ധേയമായി. രാജാമണിയാണ് സംഗീതം നൽകിയിരിക്കുന്നത്. ദിനേശ് ബാബു ഛായാഗ്രഹണവും എൽ. ഭൂമിനാഥൻ എഡിറ്റിംഗും നിർവ്വഹിച്ചു. ഷൈൻ വി.എ., മെല്ലി വി.എ., ലൈസൺ ടി.ജെ. എന്നിവരാണ് 4K റീമാസ്റ്ററിംഗ് നിർമ്മാണം നിർവ്വഹിച്ചത്.