കൊച്ചി: നടൻ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ തമിഴ്-മലയാള ചിത്രം പ്രഖ്യാപിച്ചു. 'ഷെയ്ൻ നിഗം 27' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാഥ് ആണ്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ചിത്രമായിരിക്കും ഇത്. ഷെയ്ൻ നിഗത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്.

മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ഈ ചിത്രം തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തും. മദ്രാസി, ബൾട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയ്ൻ നിഗം നായകനാകുന്ന തമിഴ് ചിത്രം കൂടിയാണിത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് പിആർഒമാർ. ഷെയ്ൻ നിഗത്തിന്റെ 'ഹാൽ' എന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-ന് പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്.

വീര സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്‍റണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജെ വി ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'ഹാൽ' ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും. നിഷാദ് കോയ തിരക്കഥയെഴുതിയ ചിത്രത്തിന്റെ സംഗീതം നന്ദഗോപൻ വി നിർവഹിക്കുകയും തിങ്ക് മ്യൂസിക് സംഗീത പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്.