ചെന്നൈ: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമ മേഖലയെ കടന്നാക്രമിച്ച് തമിഴ് സിനിമാ സീരിയല്‍ താരം ശാന്തി വില്യംസ്.മലയാള സിനിമാ മേഖലയെ പറ്റി സംസാരിക്കാന്‍ പോലും താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സ്ത്രീകള്‍ക്ക് അവിടെ സേഫായി ജോലിചെയ്യാന്‍ കഴിയില്ലെന്നുമാണ് നടി പ്രതികരിച്ചത്. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'മലയാളം സിനിമാ മേഖലയെ പറ്റി സംസാരിക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നില്ല.കാരണം നിറയെ പൊളിറ്റിക്സ് അവിടെയുണ്ട്.
നീയാണോ വലിയവന്‍ ഞാനാണോ വലിയവന്‍ എന്നതുമായി ബന്ധപ്പെട്ട് അടക്കം പൊളിറ്റിക്സുണ്ട്.സ്ത്രീകള്‍ക്ക് സേഫായി പോകാന്‍ പറ്റിയ മേഖലയല്ല.66, 70, 90 വയസുള്ള കിളവിയാണെങ്കിലും രാത്രിയില്‍ വന്ന് കതക് തട്ടുന്ന സ്വഭാവമുള്ള ആളുകളാണ് അവിടെയുള്ളത്.അത് എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല.

ഞാന്‍ കുറെ നാളായി സിനിമ ചെയ്യുന്നു. പക്ഷേ നമ്മുടെ ആളുകള്‍ അങ്ങനെയുള്ളവര്‍ അല്ല. അവര്‍ കതക് തട്ടുകയോ മോശമായി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.അതിന് തമിഴ് ആന്‍ഡ് ആന്ധ്ര ഇന്റസ്ട്രിയെ തൊഴുത് കുമ്പിടും ഞാന്‍'- നടി വ്യക്തമാക്കി.
നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് അടക്കം സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്.

പ്രശസ്ത ഛായാഗ്രാഹകനും നിര്‍മാതാവും സംവിധായകനുമൊക്കെയായിരുന്ന ജെ വില്യംസാണ് നടിയുടെ ഭര്‍ത്താവ്. തമിഴ് സീരിയലുകളിലാണ് നടി ഇപ്പോള്‍ കൂടുതലായി അഭിനയിക്കുന്നത്.