തിരുവനന്തപുരം: മലയാളത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അഭിമുഖത്തിലെയും പൊതുഇടത്തിലെയും പെരുമാറ്റരീതികള്‍ കൊണ്ട് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്ന നടനാണ് ഷൈന്‍ടോം ചാക്കോ.ഇത് പല വിവാദങ്ങളിലേക്കും വഴിവെച്ചിട്ടുമുണ്ട്. എന്നാല്‍ തന്റെ ഈ വേറിട്ട പെരുമാറ്റത്തിന് കാരണം ഒരു രോഗാവസ്ഥയാണെന്ന് വെളിപ്പെടുത്തുകയാണ് താരം.ഒരു തരത്തില്‍ അത് തനിക്ക് അനുഗ്രഹമായെന്നും അദ്ദേഹം പറയുന്നു.

അറ്റെന്‍ഷെന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിന്‍ഡ്രോം അഥവ എഡിഎച്ച്ഡി തനിക്കുണ്ടെന്നാണ് ഷൈന്‍ പറഞ്ഞത്.
രോഗത്തെക്കുറിച്ച് പണ്ടേ അറിയാമായിരുന്നു എന്നാണ് താരം പറയുന്നത്. അഭിനേതാവ് എന്ന നിലയില്‍ ഈ രോഗം തന്റെ ഏറ്റവും വലിയ ഗുണമാണെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. പുതിയ സിനിമയുടെ ഭാഗമായി ഒരു മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു നടന്റെ തുറന്നു പറച്ചില്‍.

'എഡിഎച്ച്ഡി ഉള്ള ആളാണ് ഞാന്‍. എഡിഎച്ച്ഡി കിഡ് ആണ്.പണ്ടേ അത് തിരിച്ചറിഞ്ഞ കാര്യമാണ്. അങ്ങനെ ഉള്ളവര്‍ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റണം. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതില്‍ നിന്നാണ് ഒരു ആക്ടര്‍ ഉണ്ടാകുന്നത്. അല്ലങ്കില്‍ ഒരു മുറിയില്‍ അടച്ചിട്ട് ഇരുന്നാല്‍ മതിയല്ലോ. എല്ലാ പുരുഷന്മാരിലും അതിന്റെ ചെറിയൊരു അംശം ഉണ്ട്. നമ്മള്‍ പുറത്തേക്ക് പോകുന്നതും വസ്ത്രം ധരിക്കുന്നതും ഒക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാന്‍ വേണ്ടിയാണല്ലോ. അതിന്റെ അളവ് വളരെയധികം കൂടുതല്‍ ആയിരിക്കും എഡിഎച്ച്ഡി ഉള്ളവര്‍ക്ക്. അതിനെ ആണ് ഡിസോഡര്‍ എന്ന് പറയുന്നത്.

എഡിഎച്ച്ഡി ഉള്ളൊരാള്‍ക്ക് എപ്പോഴും താന്‍ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തനാകും. അതിന് വേണ്ടി ട്രൈ ചെയ്യും. പെര്‍ഫോം ചെയ്യും. ഒരു കൂട്ടം ആള്‍ക്കാര്‍ക്ക് ഇടയില്‍ നിന്നും കൂടുതല്‍ ശ്രദ്ധനേടാന്‍ ശ്രമിക്കും. അപ്പോള്‍ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും. ഇതൊക്കെ ഡിസോഡര്‍ ആയിട്ട് പുറത്തുള്ളവര്‍ക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ഗുണമാണ്. കറ നല്ലതാണെന്ന് ചിലര്‍ പറയില്ലെ. എല്ലാവര്‍ക്കും അങ്ങനെ അല്ല. അതുകൊണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ ഗുണമാണ്'- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.