ചെന്നൈ: സൗബിന്‍ അവതരിപ്പിക്കുന്ന ദയാലിന്റെ ക്യാരക്ടര്‍ പോസ്റ്ററിന് പിന്നാലെ ലോകേഷ് കനകരാജ്-രജനീകാന്ത് ചിത്രത്തിലെ കൂടുതല്‍ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത്.നാഗാര്‍ജ്ജുനയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് രണ്ടാമതെത്തിയത്.ശ്രുതിഹാസന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

'സിമോണ്‍' എന്ന കഥാപാത്രത്തെയാണ് കൂലിയില്‍ നാഗാര്‍ജുന അവതരിപ്പിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ആറ്റിട്യൂഡില്‍ പോസ് ചെയ്യുന്ന നാഗാര്‍ജുന നിമിഷ നേരം കൊണ്ട് ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.സ്വര്‍ണനിറത്തിലുള്ള ഒരു വാച്ചിലേക്ക് നോക്കി നില്‍ക്കുന്ന താരമാണ് പോസ്റ്ററിലുള്ളത്.നാഗാര്‍ജുന കൂലിയില്‍ വേഷമിട്ടേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ താരം ഈ വേഷം നിരസിച്ചതായും പകരം കന്നഡ സൂപ്പര്‍താരവും സംവിധായകനുമായ ഉപേന്ദ്ര ഈ വേഷത്തിലേക്കെത്തുമെന്ന് വാര്‍ത്തകള്‍ പരന്നു.

ഇത്തരം ഊഹാപോഹങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ കൂലിയിലെ നാഗാര്‍ജുനയുടെ സാന്നിധ്യം ലോകേഷ് കനകരാജ് തന്നെ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് രജനിയും നാഗാര്‍ജുനയും ഒന്നിക്കുന്നത്.മൂന്നാമതായി ശ്രുതി ഹാസന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.കൈയ്യില്‍ ഒരു മണ്‍വെട്ടിയും പിടിച്ച് പേടിച്ചരണ്ട് നില്‍ക്കുന്ന ശ്രുതിയാണ് പോസ്റ്ററില്‍. ഇത് ആദ്യമായണ് രജനിക്കൊപ്പം ശ്രുതിഹാസന്‍ അഭിനയിക്കുന്നത്.സലാര്‍ ആയിരുന്നു ശ്രുതിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

അടുത്ത ദിവസങ്ങളിലായി ഇനിയും കഥാപാത്രങ്ങള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂലിയുടെ പോസ്റ്ററുകള്‍ എല്ലാം ഞൊടിയിടയിലാണ് ആരാധകര്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാവുന്നത്.സത്യരാജ്, മഹേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റുവേഷങ്ങളിലെത്തുന്നത്.ബോളിവുഡ് താരം ആമിര്‍ ഖാന്‍ ചിത്രത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം രജനികാന്തും ആമിര്‍ ഖാനും ഒരുമിക്കുന്ന ചിത്രമാവും കൂലി. 1995-ല്‍ പുറത്തിറങ്ങിയ ആതംഗ് ഹി ആതംഗ് എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ചഭിനയിച്ചത്.