ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാൻ്റെ ഏറ്റവും പുതിയ ചിത്രം 'കിംഗ്' ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടാണ് താരം തന്നെ ഈ വിവരം പങ്കുവെച്ചത്. എക്സിലെ (മുൻപ് ട്വിറ്റർ) ജനപ്രിയമായ #AskSRK സെഷനിലൂടെയാണ് ഷാറൂഖ് ഖാൻ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.

"താങ്കളുടെ അടുത്ത സിനിമ എപ്പോഴാണ് റിലീസ് ചെയ്യുന്നത്? അത് കിംഗ് ആണോ അതോ മറ്റേതെങ്കിലും സിനിമയാണോ?" എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി "ജസ്റ്റ് കിംഗ്.... ഈ പേര് കേട്ടിട്ടുണ്ടാകുമല്ലോ" എന്ന് ഷാറൂഖ് ഖാൻ മറുപടി നൽകി. ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നും ബാക്കിയുള്ള ഭാഗങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. "കുറച്ച് ഷൂട്ട് കഴിഞ്ഞു... ബാക്കി ഷൂട്ട് ഉടൻ ആരംഭിക്കും. ലെഗ് ഷോട്ടുകൾ മാത്രം, പിന്നെ അപ്പർ ബോഡിയിലേയ്ക്ക് നീങ്ങും....ഇൻഷാ അല്ലാഹ്, അത് വേഗത്തിൽ പൂർത്തിയാകും. സിദ്ധാർത്ഥ് ആനന്ദ് ഇതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്," ഷാറൂഖ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം 'കിംഗ്' സിനിമയുടെ സെറ്റിൽ ഷാറൂഖ് ഖാന് പരിക്കേറ്റതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഗുരുതരമല്ലാത്ത പരിക്കാണെങ്കിലും ചിത്രീകരണത്തിൽ കാലതാമസം നേരിട്ടിരുന്നു. സെപ്റ്റംബറിൽ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ. 'കിംഗ്' ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും.