ഹൈദരാബാദ്: കിംഗ് ഓഫ് കൊത്തയുടെ കനത്ത പരാജയത്തിൽ നിന്നും ഗംഭീര തിരിച്ചു വരവാണ് ദുൽഖർ സൽമാന് ലക്കി ഭാസ്കകർ നൽകിയത്. ഒടിടി റിലീസായതിന് ശേഷവും ചിത്രം തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 110 കോടിയിലധികമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ‘ലക്കി ഭാസ്കർ’ കണ്ട് പണം സമ്പാദിക്കാൻ ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയ വിദ്യാർത്ഥികളുടെ വാർത്തകളാണ് പുറത്ത് വരുന്നത്.

വിശാഖപ്പട്ടണത്തെ സെന്റ്. ആൻസ് ഹൈസ്കൂൾ വിദ്യാർത്ഥകളാണ് ഒളിച്ചോടിയത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ കിരൺ കുമാർ, കാർത്തിക്, ചരൺ തേജ, രഘു എന്നിവരാണ് ഒളിച്ചോടിയത്. വിദ്യാർത്ഥികൾക്കായുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ. വിദ്യാർത്ഥികൾ ഹോസ്റ്റലിന്റെ മതിൽ ചാടുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം വലിയ ചർച്ചയായി. ലക്കി ഭാസ്കറിൽ ദുൽഖർ സൽമാന്റെ കഥാപാത്രത്തെ പോലെ നിറയെ പണം സമ്പാദിക്കണമെന്നും വീടും കാറുമെല്ലാം വാങ്ങാൻ സാധിക്കുന്ന അവസ്ഥയിലെത്തിയാലെ മടങ്ങി വരൂ എന്നുമാണ് വിദ്യാർത്ഥികൾ സുഹൃത്തുക്കളോട് പറഞ്ഞതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ലക്കി ഭാസ്കര്‍. ബഹുഭാഷകളിലെത്തിയ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ദീപാവലി റിലീസ് ആയിരുന്നു. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഒക്ടോബര്‍ 31 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 111.15 കോടി രൂപയാണ് കളക്ട് ചെയ്തത്. കിംഗ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖറിന്റെ തിരിച്ച് വരവ് കൂടിയായിരുന്നു ലക്കി ഭാസ്കര്‍. ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു.