ബെംഗളൂരു: ബോക്സ് ഓഫീസ് ഹിറ്റായി മാറിയ കന്നഡ ചിത്രം 'സു ഫ്രം സോ' ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസിനൊരുങ്ങുന്നു. സെപ്റ്റംബർ 9 മുതൽ ജിയോ സിനിമയിൽ ഈ ചിത്രം ലഭ്യമാകും. 5 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം 121 കോടി രൂപ ക്ലബ്ബിൽ ഇടം നേടിയിരുന്നു.

നവാഗത സംവിധായകൻ ജെ.പി. തുമിനാട് സംവിധാനം ചെയ്ത ചിത്രം ഒരു കംപ്ലീറ്റ് എന്റർടൈനറാണ്. ഹാസ്യവും ഹൊററും ഒത്തുചേരുന്ന ചിത്രം പ്രേക്ഷക പ്രീതി നേടിയെടുത്തിരുന്നു. പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ഓഗസ്റ്റ് ഒന്നിന് ചിത്രം കേരളത്തിൽ എത്തിച്ചിരുന്നു.

ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും പ്രധാന വേഷം ചെയ്തതും ജെ.പി. തുമിനാടാണ്. മഞ്ചേശ്വരം സ്വദേശിയായ ജെ.പി. തുമിനാട്, കന്നഡ സിനിമാ ലോകത്തേക്ക് ശക്തമായ സാന്നിധ്യം അറിയിച്ചുകൊണ്ട് എത്തുന്നത് 'സു ഫ്രം സോ' എന്ന ചിത്രത്തിലൂടെയാണ്. മഞ്ചേശ്വരത്തെ ശാരദാ ആർട്സ് എന്ന നാടക സംഘത്തിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് ചുവടുവെച്ചത്.

ഈ ചിത്രം കന്നഡ സിനിമാ ലോകത്ത് മികച്ച പ്രകടനം കാഴ്ചവെച്ച സമീപകാല ചിത്രങ്ങളുടെ ശ്രേണിയിൽ ഇടം നേടിയിട്ടുണ്ട്. ഷനീൽ ഗൗതം, ദീപക് രാജ്പണാജെ, പ്രകാശ് തുമിനാട്, സന്ധ്യാ അരേകേരേ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കെ. സുമേത് സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മലയാളിയായ സന്ദീപ് തുളസീദാസ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.