കൊച്ചി: മലയാളികളുടെ മനസ്സിൽ ഇന്നും മായാത്ത ഓർമ്മകളുമായി നിൽക്കുന്ന എവർഗ്രീൻ ക്ലാസിക് ചിത്രം 'സമ്മർ ഇൻ ബത്‌ലഹേം' 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നു. സിബി മലയിൽ-രഞ്ജിത്ത് കൂട്ടുകെട്ടിൽ 1998-ൽ പുറത്തിറങ്ങിയ ഈ ചിത്രം, ലോകോത്തര നിലവാരത്തിലുള്ള 4K ദൃശ്യ മികവോടെയും ഡോൾബി അറ്റ്‌മോസ് ശബ്ദ വിന്യാസത്തോടെയുമാണ് പുനരവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഡിസംബർ 12-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

റിലീസ് തീയതി നടൻ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചത്. സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് 4K നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്തിരിക്കുന്നത്. ഊട്ടിയുടെ മനോഹരമായ ലൊക്കേഷനുകൾ പശ്ചാത്തലമായ ഈ ചിത്രത്തിലെ ദൃശ്യങ്ങൾ 4K-യിൽ കൂടുതൽ മിഴിവോടെ പ്രേക്ഷകരിലേക്ക് എത്തും. ഒപ്പം വിദ്യാസാഗർ ഈണമിട്ട, 'ഒരു രാത്രികൂടി', 'എത്രയോ ജന്മമായ്' തുടങ്ങിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ ഡോൾബി അറ്റ്‌മോസിന്റെ ശബ്ദ സംവിധാനത്തിലൂടെ തിയേറ്ററുകളിൽ അനുഭവിക്കുമ്പോൾ അത് സംഗീതപ്രേമികൾക്ക് ഒരു നവ്യാനുഭവമായിരിക്കും.-

ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും സഞ്ജീവ് ശങ്കറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജയറാം (രവിശങ്കർ), സുരേഷ് ഗോപി (ഡെന്നീസ്), മഞ്ജു വാര്യർ (ആമി/അഭിരാമി), കലാഭവൻ മണി (മോനായി) എന്നിവർ പ്രധാന വേഷങ്ങളിൽ അണിനിരന്ന ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. ചിത്രത്തിലെ ഹാസ്യ രംഗങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പുറമെ, സസ്പെൻസ് നിലനിർത്തുന്ന "പൂച്ചയെ അയച്ചത് ആര്?" എന്ന ചോദ്യം ഇന്നും മലയാളികൾക്കിടയിൽ ചർച്ചാവിഷയമാണ്.

മോഹൻലാലിന്റെ അതിഥി വേഷവും ശ്രദ്ധേയമാണ്. നിരഞ്ജൻ എന്ന കഥാപാത്രമായി ക്ലൈമാക്സിൽ മോഹൻലാൽ നടത്തിയ അവിസ്മരണീയമായ പ്രകടനം, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അതിഥി വേഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ മോഹൻലാലിന്റെ ഈ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി കഴിഞ്ഞു.

'ദേവദൂതൻ', 'ഛോട്ടാ മുംബൈ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് 'സമ്മർ ഇൻ ബത്‌ലഹേം' 4K നിലവാരത്തിൽ പുനരവതരിക്കുന്നത്. വലിയ താരനിരയും മികച്ച സംഗീതവും ഗൃഹാതുരത്വമുണർത്തുന്ന കഥാ സന്ദർഭങ്ങളുമുള്ള ഈ ചിത്രത്തിന് റീ-റിലീസിലും മികച്ച പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കളായ സിയാദ് കോക്കറും കോക്കേഴ്സ് ഫിലിംസും.