ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയ താരം നസ്രിയ നസീം. 'ആവേശം' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം ജിത്തു മാധവൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

സ്വന്തം പ്രൊഡക്ഷൻ ഹൗസിൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. നടൻ നസ്‍ലെൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവരും ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, നടൻ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുമെന്നും സൂചനയുണ്ട്. ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഈ വർഷം ഡിസംബറിൽ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

'രോമാഞ്ചം' എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, പിന്നീട് ഫഹദ് ഫാസിൽ നായകനായ 'ആവേശം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ തൻ്റേതായ ഇടം നേടി. ബോക്സ് ഓഫീസിൽ 150 കോടിയിലധികം രൂപ കളക്ഷൻ നേടിയ ചിത്രമായിരുന്നു 'ആവേശം'. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'സൂക്ഷ്മദർശിനി'യിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. സൂര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങളിൽ സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ 'സൂര്യ 46' (താൽക്കാലിക പേര്) ഉൾപ്പെടുന്നു, ഇതിൽ മമിത ബൈജുവാണ് നായിക.