കൊച്ചി: ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ച് തീയേറ്ററുകളിൽ എത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു 'പണി'. സംവിധാനത്തിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോജു ആയിരുന്നു. മികച്ച പ്രേക്ഷക നിരൂപക പിടിച്ച് പറ്റിയ ചിത്രം അന്യഭാഷകളിലും റിലീസിനൊരുങ്ങുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന്‍റെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കും. 'പണി' തമിഴ് ട്രെയ്‌ലർ നേരത്തെ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലർ പുറത്ത് വിട്ടത് മലയാളികൾക്കും ഏറെ പ്രിയങ്കരനായ തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് ആണ്. ഒക്ടോബര്‍ 24 നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.

ചിത്രത്തിന്‍റെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കും. തമിഴ്നാട്ടിലെ 25 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്. ബിഗ് ബോസ് മുന്‍ താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിൽ പ്രതിനായകകരായെത്തിയത്. മികച്ച കയ്യടിയാണ് ഇവരുടെ പ്രകടനത്തിന് ലഭിച്ചത്.

അഭിനയ നായികയായി എത്തിയ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു.

ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിനായി ഛായാഗ്രഹണം വേണു ഐഎസ്‍സി, ജിന്‍റോ ജോർജ് എന്നിവർ നിർവഹിച്ചപ്പോൾ മനു ആന്‍റണി ആയിരുന്നു എഡിറ്റിംഗ്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം ഒരുക്കിയത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, സ്റ്റണ്ട് ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.