കൊച്ചി: വൻ ഹൈപ്പോടെയെത്തുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ചിത്രം റിലീസ് ചെയ്യാൻ ഇനി വെറും ആറ് ദിവസം മാത്രമാണ് ബാക്കി. നിലവിൽ ബുക്കിങ്ങിൽ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. എമ്പുരാൻ കൂടാതെ വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും. ഈ അവസരത്തിൽ സംവിധായകൻ തരുൺ മൂർത്തി പങ്കുവച്ചൊരു പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. മോഹൻലാൽ നായകനായി എത്തുന്ന തുടരും സിനിമയുടെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ പോസ്റ്ററിനൊപ്പം എമ്പുരാന്റെ പോസ്റ്ററും കൂടി പങ്കുവച്ചാണ് തരുണിന്റെ പോസ്റ്റ്.

'ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്.!!!', എന്നാണ് തരുൺ മൂർത്തി കുറിച്ചത്. പിന്നാലെ പിന്തുണ കമന്റുകളുമായി മോഹൻലാൽ ആരാധകരും രം​ഗത്തെത്തി. 'ഇവിടെ രണ്ടും പോകും.. അതാണ് മുതല്..നിങ്ങള് ധൈര്യമായി ഇരിക്കൂ', 'എന്തോന്ന് അണ്ണാ..കട്ടയ്ക്ക് നമ്മളില്ലേ കൂടെ. ഇത് കഴിഞ്ഞാൽ അങ്ങോട്ട് വരുവല്ലേ, കുഴപ്പമില്ല ബ്രോ ഇത് അതുക്കും മേലെ ഹിറ്റ് ആവും, അണ്ണാ രണ്ടും L ബ്രാൻ്റാണ് ധൈര്യമായി ട്രെയിലർ ഇറക്കിവിട്, പുള്ളി അപ്പുറത്ത് ഹെലികോപ്റ്ററിൽ സ്റ്റൈൽ ആയി വന്നാലും നിങ്ങള് പുള്ളിയെ മുണ്ട് ഉടുപ്പിച്ചു ആളെ മയക്കുന്ന ചിരിയും ആയി പറഞ്ഞു വിട്ടാൽ കാണാൻ വരാത്തവരുണ്ടാവുമോ, പക്ഷെ ആ രണ്ടിടത്തും ഒരേപോലെ ഉള്ള മുതലിനു വിമാനം കൊടുത്താലും സൈക്കിൾ കൊടുത്താലും ഒരേ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യും', എന്നിങ്ങനെ പോകുന്നു കമന്റുകൾ.


അതേസമയം, തുടരും ചിത്രത്തിന്റെ രണ്ടാമത്തെ ​ഗാനം ഇന്ന് വൈകിട്ട് 7 മണിക്ക് പുറത്ത് ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ അവസരത്തിൽ ചിത്രത്തിന്റെ സെൻസറിങ്ങും പൂർത്തിയായിട്ടുണ്ട്. രണ്ട് മണിക്കൂർ 46 മിനിറ്റാണ് ദൈർഘ്യം. യു എ സർട്ടിഫിക്കറ്റാണ് മോഹൻലാൽ പടത്തിന് ലഭിച്ചിരിക്കുന്നത്. ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ ശോഭന ആണ് നായിക കഥാപാത്രമാകുന്നത്.

വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനിലിന്റെ കഥയ്ക്ക് സുനിലും തരുണ്‍മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച കെ ആര്‍ സുനില്‍ എഴുത്തുകാരന്‍ കൂടിയാണ്. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു.