- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ്മയയ്ക്ക് മുന്നിൽ മുഖം കാണിക്കാതെ നിൽക്കുന്നത് മോഹൻലാലോ?; ജൂഡ് ആൻ്റണി ജോസഫ് ഒരുക്കുന്ന 'തുടക്കം'; ചിത്രത്തിന്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. വിസ്മയ മോഹൻലാലും ആശിഷ് ജോ ആൻ്റണിയുമാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. പുറത്തിറങ്ങിയ പോസ്റ്ററിൽ വിസ്മയ മോഹൻലാലിനും ആശിഷ് ജോ ആൻ്റണിക്കും പുറമെ, വിസ്മയയുടെ മുന്നിലായി മുഖം വ്യക്തമല്ലാത്ത ഒരു വ്യക്തിയും നിൽക്കുന്നുണ്ട്.
അത് മോഹൻലാൽ ആണെന്നും സാമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. അപ്രതീക്ഷിത വഴിത്തിരിവുകളും സസ്പെൻസും നിറഞ്ഞ ഒരു ക്ലീൻ ഫാമിലി ത്രില്ലറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കുട്ടിക്കാനം, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന 'തുടക്ക'ത്തിന്റെ ഷൂട്ടിംഗ് മോഹൻലാലിൻ്റെ മാതാവിൻ്റെ നിര്യാണത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. പിന്നീട്, ജനുവരി പതിനെട്ടിനാണ് ചിത്രീകരണം പുനരാരംഭിച്ചത്.
സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ എന്നിവരടക്കം നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആൻ്റണി, ഡോ. അനീഷ ആൻ്റണി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെയ്ക്ക് ബിജോയ് സംഗീതവും, ജോമോൻ ടി. ജോൺ ഛായാഗ്രഹണവും, ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു. സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈനർ.


