കൊച്ചി: കുഞ്ചാക്കോ ബോബൻ നായകനാവുന്ന 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന ചിത്രത്തിന്റെ ക്രിസ്മസ് പോസ്റ്ററിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പേര് ഒഴിവാക്കിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫൻ, കുഞ്ചാക്കോ ബോബൻ എന്നിവരുടെ പേരുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

മാജിക് ഫ്രെയിംസ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബന് കരിയറിൽ മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്നതും ഈ ചർച്ചകൾക്ക് ആഴം കൂട്ടുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നേരത്തെ ഏറെ ശ്രദ്ധ നേടിയിരുന്നു.

'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരം നടനായുള്ള അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്ന സിനിമയ്ക്കുണ്ട്. ചിദംബരത്തിനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ജസ്റ്റിൻ സ്റ്റീഫൻ കോ-പ്രൊഡ്യൂസറായ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അർജുൻ സേതുവും എഡിറ്റിംഗ് മനോജ് കണ്ണോത്തുമാണ് നിർവഹിച്ചിരിക്കുന്നത്. ഡോൺ വിൻസെന്റാണ് സംഗീത സംവിധായകൻ. സന്തോഷ് കൃഷ്ണൻ ലൈൻ പ്രൊഡ്യൂസറായും, ദീപക് പരമേശ്വരൻ പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. വയനാട്, തിരുനെല്ലി എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.