കോഴിക്കോട്: കേരളത്തിന്‍റെ കഴിഞ്ഞ എൺപത് വർഷത്തെ രാഷ്ട്രീയ ചരിത്രം ആസ്പദമാക്കി ഒരുങ്ങുന്ന 'ദി കോമ്രേഡ്' എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുറത്തിറക്കി. പി.എം. തോമസുകുട്ടിയാണ് ചിത്രത്തിന്‍റെ സംവിധാനവും തിരക്കഥയും നിർവ്വഹിക്കുന്നത്. വൻ ബഡ്ജറ്റിലാണ് ഈ ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖരായ പത്തോളം താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ നിരവധി പ്രഗത്ഭ താരങ്ങളും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. 'വെള്ളം', 'സുമതിവളവ്' തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ മുരളി കുന്നുംപുറത്തിന്‍റെ വാട്ടർമാൻ ഫിലിംസിന്‍റെ ബാനറിലാണ് 'ദി കോമ്രേഡ്' നിർമ്മിക്കുന്നത്.

മലയാള സിനിമയിലെ പൊളിറ്റിക്കൽ ജോണറിൽ നിന്നുള്ള മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും 'ദി കോമ്രേഡ്' എന്ന് സംവിധായകൻ തോമസുകുട്ടി വ്യക്തമാക്കി. പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ ജനസാഗരത്തിനു മുന്നിൽ നിൽക്കുന്ന ഒരു നേതാവിന്‍റെ ചിത്രമാണുള്ളത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഷൂട്ടിംഗ് പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.