ഹൈദരാബാദ്: തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള തെലുങ്ക് നടനാണ് രാം ചരൺ. വൻ ഹൈപ്പോടെ തീയേറ്ററുകളിലെത്തി ബോക്സ്ഓഫിസിൽ കനത്ത പരാജയമായി മാറിയ ഗെയിം ചേഞ്ചറിന് ശേഷം വലിയൊരു തിരിച്ചു വരവിനൊരുങ്ങുകയാണ് താരമിപ്പോൾ. 'പെഡ്ഡി' എന്നാണ് വരാനിരിക്കുന്ന രാം ചരൺ ചിത്രത്തിന്റെ പേര്. ബുചി ബാബു സനയാണ് ചിത്രത്തിന്റെ സംവിധാനം. രാം ചരണിന്റെ പതിനാറാമത്തെ ചിത്രമാണ് 'പെഡ്ഡി'. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ പ്രീ-ലുക്ക് കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. രാം ചരണിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

ജാന്‍വി കപൂറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രത്തിന്റെ നിര്‍മാണം. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.

സിഗരറ്റ് വലിക്കുന്ന രീതിയില്‍ വളരെ പരുക്കനായ രൂപത്തിലാമാണ് രാം ചരണിനെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവര്‍ത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നതെന്നും ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള ആകാംഷ വര്‍ധിപ്പിക്കുന്ന ഇതിന്റെ രണ്ടാമത്തെ പോസ്റ്ററില്‍ അദ്ദേഹം ഒരു പഴയ ക്രിക്കറ്റ് ബാറ്റ് കൈവശം വച്ചിരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ പ്രകാശിപ്പിച്ച ഒരു ഗ്രാമീണ സ്റ്റേഡിയമുണ്ട്. ഈ പോസ്റ്ററുകള്‍ ചിത്രത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും ആഖ്യാനത്തെക്കുറിച്ചും കൗതുകം ജനിപ്പിക്കുകയും ഗ്രാമീണ തീവ്രതയുടെയും ആകര്‍ഷകമായ ഡ്രാമയുടേയും കോര്‍ത്തിണക്കല്‍ സൂചിപ്പിക്കുകയും ചെയ്യുന്നു.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങള്‍, ലോകോത്തര നിര്‍മാണ മൂല്യങ്ങള്‍, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂര്‍വമായ നിലവാരത്തിലാണ് ഈ രാം ചരണ്‍ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരണ്‍-ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ചിത്രത്തിലെ മറ്റു താരങ്ങള്‍, അണിയറ പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങള്‍ വൈകാതെ പുറത്തു വിടും. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി.വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം-രത്‌നവേലു, സംഗീതം-എ.ആര്‍. റഹ്‌മാന്‍, എഡിറ്റര്‍-നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍-അവിനാഷ് കൊല്ല, മാര്‍ക്കറ്റിങ്-ഫസ്റ്റ് ഷോ, പിആര്‍ഒ-ശബരി.