ചെന്നൈ: സംവിധായകൻ വെട്രിമാരനും നടൻ ചിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രമായ 'അരസൻ'റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. 2018-ൽ പുറത്തിറങ്ങിയ 'വട ചെന്നൈ'യുടെ ആദ്യ ഭാഗത്തിൻ്റെ തുടർച്ചയായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രൊമോ വീഡിയോയിൽ ചിമ്പുവിൻ്റെ രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്. ചെറുപ്പക്കാരൻ്റെയും മധ്യവയസ്കന്റെയും ഗെറ്റപ്പുകളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

'വട ചെന്നൈ' ലോകത്തിലെ ഒരു പറയാത്ത കഥയാണ് 'അരസൻ' എന്ന് പ്രൊമോയുടെ അവസാന ടാഗ്‌ലൈൻ സൂചിപ്പിക്കുന്നു. സംവിധായകൻ നെൽസൺ ദിലീപ് കുമാറും വീഡിയോയിൽ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഇത് വെട്രിമാരനും അനിരുദ്ധും ആദ്യമായി ഒന്നിക്കുന്ന പ്രോജക്റ്റുകൂടിയാണ്. കൂടാതെ, വെട്രിമാരനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'അരസൻ'നുണ്ട്.

'ആടുകളം', 'വട ചെന്നൈ', 'അസുരൻ', 'വിസാരണൈ', 'വിടുതലൈ' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച വെട്രിമാരൻ, ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന ആദ്യ ചിത്രമാണിത്. വി ക്രിയേഷൻസിൻ്റെ ബാനറിൽ കലൈപുലി എസ്. താണുവാണ് ചിത്രം നിർമ്മിക്കുന്നത്. ചിമ്പുവിൻ്റെ നായികയായി സായ് പല്ലവി എത്തുമെന്നാണ് റിപ്പോർട്ടുകൾ.