വളരെ ചുരുങ്ങിയ കാലയളവിൽ ആക്ഷൻ സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ആൻ്റണി വർഗീസ്. തന്റെ വരാനിരിക്കുന്ന മുഴുനീള ആക്ഷൻ ചിത്രമായ 'ദാവീദ്' ന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന വിവരമാണ് നിർമാതാക്കൾ സാമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

71 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ ആഷിക് അബു എന്ന ബോക്സറുടെ വേഷമാണ് ആൻ്റണി അവതരിപ്പിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് 'ദവീദ്' നിർമ്മിക്കുന്നത്.

നവാഗതനായ ഗോവിന്ദ് വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധാനം. 'ദാവീദ്' ന്റെ തിരക്കഥ ഗോവിന്ദ് വിഷ്ണുവും, ദീപു രാജീവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഒരു ആക്ഷൻ-പാക്ക്ഡ് എൻ്റർടെയ്‌നറയാണ് ചിത്രം എത്തുക. ലിജോമോൾ ജോസ്, വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെല്ലസ്, ജെസ് കുക്കു, മോ ഇസ്മായിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

സാലു കെ തോമസിൻ്റെ ഛായാഗ്രഹണവും രാകേഷ് ചെറുമാടത്തിൻ്റെ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിൽ. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം. ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്തിരിക്കുന്നത് പിസി സ്റ്റണ്ട്സ് ആണ്.