കൊച്ചി: അൽത്താഫ് സലീമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്റ്' എന്ന പുതിയ ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി. ടാൻസാനിയൻ സോഷ്യൽ മീഡിയ താരമായ കിലി പോൾ ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിന്‍റെയും അനാർക്കലി മരിക്കാറിന്‍റെയും പ്രകടനങ്ങൾ ഗാനത്തിൽ ഏറെ ശ്രദ്ധേയമാണ്.

'പൊട്ടാസ് പൊട്ടിത്തെറി' എന്ന് തുടങ്ങുന്ന ഈ ഫാസ്റ്റ് നമ്പർ ഗാനം വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജയ് സ്റ്റെല്ലാർ ഈണമിട്ട് ജാസി ഗിഫ്റ്റും അനാർക്കലി മരിക്കാറും കിലി പോളും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിൽ നിന്ന് ഈ ഗാനത്തിലേക്കുള്ള മാറ്റം ആകർഷകമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ടാൻസാനിയൻ വേഷത്തിലാണ് കിലി പോളും സംഘവും ഗാനരംഗത്ത് എത്തുന്നത്.

'മന്ദാകിനി' എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ഒന്നിക്കുന്ന 'ഇന്നസെന്റ്' ഒക്ടോബറിൽ വേൾഡ് വൈഡ് റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകളും ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ, സർക്കാർ ഓഫീസിലെ നൂലാമാലകളെ ആസ്പദമാക്കിയുള്ള ഒരു സമ്പൂർണ്ണ കോമഡി ചിത്രം ആയിരിക്കും ഇതെന്ന സൂചന നൽകുന്നു. രേഷ്മ രാഘവേന്ദ്ര ആലപിച്ച 'അമ്പമ്പോ...' എന്ന് തുടങ്ങുന്ന നാടൻ ശൈലിയിലുള്ള ഗാനവും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

സതീഷ് തൻവി സംവിധാനം ചെയ്യുന്ന ഈ ചിത്രം എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി ആണ് നിർമ്മിക്കുന്നത്. സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം നൽകുന്ന 'എലമെന്‍റ്സ് ഓഫ് സിനിമ'യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് 'ഇന്നസെന്റ്'. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്നു.