ചെന്നൈ: ദുൽഖർ സൽമാൻ നായകനാകുന്ന 'കാന്ത' എന്ന ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. 'കണ്മണി നീ..' എന്ന് തുടങ്ങുന്ന ഈ ഗാനം ജാനു ചന്തറാണ് സംഗീതം നൽകിയിരിക്കുന്നത്. ദീപിക കാർത്തിക് കുമാർ വരികളെഴുതി, പ്രദീപ് കുമാർ ആലപിച്ച ഈ ഗാനരംഗത്ത് ദുൽഖറിനൊപ്പം നടി ഭാഗ്യശ്രീയും പ്രത്യക്ഷപ്പെടുന്നു. ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന 'കാന്ത' 1950-കളിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ രണ്ട് കലാകാരന്മാർക്കിടയിലുള്ള ഈഗോ ക്ലാഷിനെക്കുറിച്ചാണ് പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയെല്ലാം ചിത്രത്തിന്റെ ഇതിവൃത്തത്തിൽ ഉൾക്കൊള്ളുന്നു. വേഫേറർ ഫിലിംസ്, സ്പിരിറ്റ് മീഡിയ എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ്. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്.

ഭാഗ്യശ്രീ ബോർസെയാണ് ചിത്രത്തിലെ നായിക. സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച വേഫേറർ ഫിലിംസിന്റെ ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കുന്ന ചിത്രം മലയാളം, തെലുഗു, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം ദുൽഖർ നായകനാകുന്ന ചിത്രമാണിത്.