ചെന്നൈ: നവാഗത സംവിധായകൻ ദിനേശ് ലക്ഷ്മണൻ ഒരുക്കുന്ന ക്രൈം ത്രില്ലർ ചിത്രം 'തീയവർ കുലൈ നടുങ്ക'യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ അർജുൻ സർജയും ഐശ്വര്യ രാജേഷും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജിഎസ് ആർട്‌സിന്റെ ബാനറിൽ ജി. അരുൾകുമാർ നിർമ്മിക്കുന്ന ഈ ചിത്രം നവംബർ 21-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

ത്രില്ലർ സ്വഭാവം നിറഞ്ഞ ട്രെയിലർ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന കാഴ്ചകളും സംഭവങ്ങളുമാണ് സമ്മാനിക്കുന്നത്. ആക്ഷൻ, വൈകാരികത, സ്റ്റൈൽ എന്നിവയെല്ലാം കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്നും, നിരവധി ട്വിസ്റ്റുകളിലൂടെ മുന്നോട്ട് പോകുന്ന ഒരു കുറ്റാന്വേഷണ കഥയാണിതെന്നും ട്രെയിലർ സൂചന നൽകുന്നു. അർജുൻ സർജയുടെ ആക്ഷൻ രംഗങ്ങളും ഐശ്വര്യ രാജേഷിന്റെ അഭിനയ മികവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാകുമെന്നാണ് പ്രതീക്ഷ.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. 'ബ്ലഡ് വിൽ ഹാവ് ബ്ലഡ്' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ എത്തിയത്. ബിഗ് ബോസ് ഫെയിം അഭിരാമി, രാംകുമാർ, ജി.കെ. റെഡ്ഡി, വേല രാമമൂർത്തി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കേരളത്തിൽ ഗുഡ് സെലക്ഷൻ റിലീസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.