ധ്യാൻ ശ്രീനിവാസൻ, സണ്ണി വെയ്ൻ ആദ്യമായി ഒന്നിക്കുന്ന 'ത്രയം' റിലീസിനെത്തുന്നു. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച ചിത്രം സഞ്ജിത്ത് ചന്ദ്രസേനൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തും. അജു വർഗീസ്, നിരഞ്ജ് മണിയൻപിള്ളരാജു എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അരുണ്‍ കെ ഗോപിനാഥ് ആണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് അരുണ്‍.

തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് 'ത്രയം' എന്ന ത്രില്ലർ ചിത്രം പറയുന്നത്. 2022 ഏപ്രിലിലായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് എന്നാൽ സാങ്കേതിക കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു.

നിയോ-നോയിർ ജോണറില്‍ എത്തുന്ന ചിത്രത്തിൽ രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ചന്തുനാഥ്, ഡെയ്ന്‍ ഡേവിസ്, കാര്‍ത്തിക് രാമകൃഷ്ണന്‍, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹന്‍, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരും അണിനിരക്കുന്നു. ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിജു സണ്ണി നിര്‍വ്വഹിക്കുന്നു.