കൊച്ചി: വ്യത്യസ്തമായൊരു പ്രണയ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ് സംവിധായകനായും നടനായ അൽത്താഫ് സലീം. 'മന്മഥൻ' എന്ന ചിത്രത്തിന്റെ രസകരമായ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവത്തകർ. 'ദ മാസ്റ്റർ ഓഫ് ഹാർട്സ്' എന്ന ടാഗ് ലൈനിലാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. അനസ് കടലുണ്ടിയാണ് 'മന്മഥൻ'ന്റെ സംവിധായകൻ. ഡാരിയസ് യാർമിലും അനസ് കടലുണ്ടിയും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹൊതാരു ഫിലിംസ്, കെല്ലി ഗ്യാങ് ഫിലിം ഫാക്ടറി എന്നീ ബാനറുകളിൽ ഡാരിയസ് യാർമിൽ, സുജിത് കെ.എസ് എന്നിവർ ചേർന്നാണ് ചിത്രം നി‍ര്‍മ്മിക്കുന്നത്.

കോമഡി-റൊമാന്റിക് ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറായാണ് അൽത്താഫ് എത്തുന്നത്. സ്ത്രീകളുടെ മുഖത്തുപോലും നോക്കാൻ പേടിയുള്ള അധ്യാപകന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രണയവും തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2015-ൽ പുറത്തിറങ്ങിയ 'പ്രേമം' മുതൽ 'നുണക്കുഴി' വരെയുള്ള ആക്ടിങ് കരിയറിനിടയിൽ ചെറിയ വേഷങ്ങളിലാണെങ്കിലും പ്രേക്ഷകരെ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങൾ അൽത്താഫിന് അവതരിപ്പിക്കാനായി. 'മന്ദാകിനി'ക്ക് ശേഷം വീണ്ടും അടിമുടി നർമ്മവുമായി അൽത്താഫ് നായക വേഷത്തിൽ വീണ്ടും എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.

സംഗീതം: ബിബിൻ അശോക്, ജുബൈർ മുഹമ്മദ്, കോ പ്രൊഡ്യൂസർ: ലിജിൻ മാധവ്, എക്സി.പ്രൊഡ്യൂസർ: പ്രണവ് പ്രശാന്ത്, ഛായാഗ്രഹണം: യുക്തിരാജ് വി, പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, കലാസംവിധാനം: സജീഷ് താമരശേരി, വിഎഫ്എക്സ്: കൊക്കൂൺ മാജിക്, മേക്കപ്പ്: റഷീദ് അഹമ്മദ്, എഡിറ്റർ: വിനയൻ എം.ജെ, കോസ്റ്റ്യൂം: സൂര്യ ശേഖർ, ചീഫ് അസ്സോ.ഡയറക്ടർ: സാംജി എം ആന്‍റണി, അസ്സോ.ഡയറക്ടർ: അഭിജിത്ത് കാഞ്ഞിരത്തിങ്കൽ, ക്രിയേറ്റീവ് അസ്സോസിയേറ്റ്: ബിനോഷ് ജോർജ്ജ്, സ്റ്റിൽസ്: കൃഷ്ണകുമാർ ടി.എ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, ഡിസൈൻസ്: റോക്കറ്റ് സയൻസ്.