പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ഓൺലൈൻ സ്ട്രീമിങ്ങിനായി കാത്തിരുന്ന ടൊവിനോ തോമസ് ചിത്രം ‘അജയന്‍റെ രണ്ടാം മോഷണം’ ഒ.ടി.ടിയിൽ എത്തുന്നു. ബിഗ് ബജറ്റിൽ ഒരുക്കിയ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാകും ചിത്രം സ്ട്രീം ചെയ്യുക എന്നാണ് റിപ്പോർട്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യു.ജി.എം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമ്മിച്ചത്.

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറഞ്ഞ ഒരു പീരീഡ് ഡ്രാമയായി പ്രേക്ഷർക്ക് മുന്നിലെത്തിയ ചിത്രം റിലീസ് ദിനത്തിൽ കേരളത്തിൽനിന്ന് മാത്രം 2.8 കോടി നേടിയിരുന്നു. ടൊവിനോയുടെ ഏറ്റവും മികച്ച രണ്ടാമത്തെ ആദ്യ ദിന കളക്ഷനായിരുന്നു ഇത്. ഇന്ത്യയിലൊട്ടാകെ ആദ്യ ദിനം 3.19 കോടി നേടിയിരുന്നു. ടൊവിനോ മൂന്ന് വേഷങ്ങളിലെത്തിയ ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയറ്ററുകളിലെത്തിയിരുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, രോഹിണി എന്നിവരാണ് ‘എ.ആർ.എം’ൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന്‍റെ തിരക്കഥ. ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റർ. ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം.