കൊച്ചി: സംവിധായകൻ മുഹ്സിൻ പരാരിയുടെ പുതിയ ചിത്രത്തിൽ ടൊവിനോ തോമസും നസ്രിയ നസീമും ഒരുമിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ മുഹ്സിൻ പരാരിയും സക്കരിയയും ചേർന്നാണ് ഒരുക്കുന്നത്. പ്രൊജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ മുഹ്സിൻ പരാരി തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇരുവരും അണിയറയിൽ ഒരുക്കുന്ന ഈ ചിത്രം മുഹ്സിൻ പരാരിയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ്.

മുമ്പ് ടൊവിനോയെ നായകനാക്കി മുഹ്സിൻ പരാരി സംവിധാനം ചെയ്യാൻ സാധ്യതയുണ്ടായിരുന്ന 'തന്ത വൈബ് ഹൈബ്രിഡ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈ വർഷമാദ്യം പുറത്തിറങ്ങിയിരുന്നു. എന്നാൽ, ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണോ അതെന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. 'കെഎൽ 10 പത്ത്' എന്ന ചിത്രത്തിലൂടെ സംവിധായകനായി ശ്രദ്ധേയനായ മുഹ്സിൻ പരാരി, നീണ്ട പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ സിനിമയുമായി എത്തുന്നത്.

സംവിധാനത്തോടൊപ്പം തിരക്കഥ രചനയിലും ഗാനരചനയിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ 'ലോക' എന്ന ചിത്രത്തിലെ 'തനി ലോക മുറക്കാരി' എന്ന ഗാനത്തിന്റെ വരികളെഴുതി മുഹ്സിൻ ഏറെ പ്രശംസ നേടിയിരുന്നു. പുതിയ ചിത്രത്തിന്റെ കാസ്റ്റിങ് കോൾ സംബന്ധിച്ച വിവരങ്ങളും മുഹ്സിൻ പരാരി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.