കൊച്ചി: നടന്‍ ടൊവിനോ തോമസ് നായകനായ നരി വേട്ട മെയ് 23ന് തിയറ്ററിലെത്തും. ഇന്ത്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. വലിയ മുതല്‍മുടക്കില്‍ എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന വിധത്തിലുള്ള ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് ചിത്രത്തിന്റെ അവതരണം.

മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. പിറന്നുവീണ മണ്ണില്‍ ധാരാളം സ്വപ്നങ്ങളുമായി ജീവിക്കാനിറങ്ങിത്തിരിച്ചവരുടെ നൊമ്പരങ്ങള്‍ നിരവധി ഇമോഷണല്‍ രംഗങ്ങളായി കോര്‍ത്തിണക്കിയിരിക്കുന്നു. നീതി നടപ്പാക്കുന്നവരുടേയും നീതിക്കായി കാത്തിരിക്കുന്നവരുടേയും വ്യക്തി ജീവിതത്തിന്റെ നിഴലാട്ടവും ചിത്രം കാട്ടിത്തരുന്നു.

സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടമുമായ ചേരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവര്‍ പൊലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. വര്‍ഗീസ് പീറ്റര്‍ എന്ന സാധാരണക്കാരനായ പൊലീസ് കൊണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ആര്യാസലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട് നന്ദു, പ്രശാന്ത് മാധവന്‍, അപ്പുണ്ണി ശശി, എന്‍.എം. ബാദുഷ, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഗാനങ്ങള്‍ -കൈതപ്രം, സംഗീതം- ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം-വിജയ്, എഡിറ്റിങ്- ഷമീര്‍ മുഹമ്മദ്. കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരുകയാണ്.