- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റോക്കിംഗ് സ്റ്റാർ' യാഷിന്റെ മാസ്സ് അവതാരം; ആരാധകർക്ക് വിരുന്നായി ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങൾ; ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' ടീസർ പുറത്ത്; മാർച്ച് 19-ന് ബ്രഹ്മാണ്ഡ റിലീസ്

ബെംഗളൂരു: 2026-ൽ ഇന്ത്യയിലെ ചലച്ചിത്രപ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ടോക്സിക്: എ ഫെയറിടെയ്ൽ ഫോർ ഗ്രോൺ അപ്സ്’ ന്റെ ഔദ്യോഗിക ടീസർ പുറത്ത്. റോക്കിങ് സ്റ്റാർ യാഷിന്റെ അവിശ്വസനീയമായ വേഷപ്പകർച്ചയും ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. 2026 മാർച്ച് 19-ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. ഒറ്റ നോട്ടത്തിൽ തന്നെ ബ്രഹ്മാണ്ഡമായ കാഴ്ചാനുഭവമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ വാഗ്ദാനം ചെയ്യുന്നത്.
ഒരു സർക്കസ് കൂടാരത്തിൽ നിന്ന് തുടങ്ങി കിഴക്കൻ ഏഷ്യൻ പശ്ചാത്തലങ്ങളിലൂടെ കടന്നുപോകുന്ന കഥാപരിസരം വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ഈ പരുക്കൻ ദൃശ്യങ്ങൾക്കും ഹൈ-വോൾട്ടേജ് ആക്ഷൻ രംഗങ്ങൾക്കുമപ്പുറം, ശക്തമായ കഥപറച്ചിലിനും മികച്ച പ്രകടനങ്ങൾക്കും സിനിമ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ടീസർ സൂചിപ്പിക്കുന്നു. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ടീസർ ലഭ്യമാണ്.
ടീസറിന്റെ കേന്ദ്രബിന്ദു യാഷിന്റെ രൂപമാറ്റമാണ്. മെലിഞ്ഞ ചുറുചുറുക്കുള്ള രൂപം മുതൽ കരുത്തുറ്റതും പരുക്കനുമായ ലുക്കുകൾ വരെ നീളുന്ന അദ്ദേഹത്തിന്റെ ശാരീരിക മാറ്റം കഠിനാധ്വാനത്തിന്റെ തെളിവാണ്. ഈ മാറ്റം വെറും ബാഹ്യരൂപത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ശരീരഭാഷയിലും മാനറിസങ്ങളിലും യാഷ് കൊണ്ടുവന്നിട്ടുള്ള സൂക്ഷ്മത മുൻകാല കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അഭിനയ വിസ്മയമാണ് വാഗ്ദാനം ചെയ്യുന്നത്. സൂപ്പർതാരത്തിന്റെ കരിയറിലെ തികച്ചും ബോൾഡ് ആയ ഒരു പുതിയ അധ്യായമായിരിക്കും ഈ ചിത്രമെന്നും ടീസർ ഉറപ്പുനൽകുന്നു. 'It’s gonna to get crazyyyy' എന്ന മുന്നറിയിപ്പോടെയാണ് ടീസർ പുറത്തിറങ്ങിയത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ യഷും ഗീതു മോഹൻദാസും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രം ഒരേസമയം ചിത്രീകരിക്കുന്നത്. യാഷിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ഗ്ലിംപ്‌സും, പിന്നാലെ വന്ന നയൻതാരയുടെ ‘ഗംഗ’, കിയാര അദ്വാനിയുടെ ‘നാദിയ’, ഹുമ ഖുറേഷിയുടെ ‘എലിസബത്ത്’, രുക്മിണി വസന്തിന്റെ ‘മെലീസ’, താര സുതാരിയയുടെ ‘റെബേക്ക’ എന്നീ സ്റ്റൈലിഷ് കഥാപാത്ര പോസ്റ്ററുകളും നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു.


