കൊച്ചി: അഞ്ച് സുഹൃത്തുക്കളുടെ ഹൃദയസ്പർശിയായ കഥയുമായെത്തി ജനപ്രീതി പിടിച്ചു പറ്റിയ ചിത്രമായിരുന്നു 'വാഴ'. ഈ വർഷത്തെ വമ്പൻ ഹിറ്റുകളിലൊന്നായ ചിത്രം സംവിധാനം ചെയ്തത് ആനന്ദ് മെനോൻ ആയിരുന്നു. കൂടാതെ ചിത്രത്തിലെ ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ചിത്രത്തിലെ ഗാനങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാഗാന നിരൂപകൻ ടി.പി. ശാസ്തമംഗലം.

വിനായക് ശശികുമാർ, രജത് പ്രകാശ് എന്നിവർ വരികളെയഴുതിയ ചിത്രത്തിലെ പാട്ടുകൾക്ക് വ്യത്യസ്ത കമ്പോസർമാരാണ് ഈണം നൽകിയത്. ചിത്രത്തിലെ 'ഏയ് ബനാനെ ഒരു പൂ തരാമോ' എന്ന ഗാനത്തെ വിമർശിച്ച് തുടങ്ങിയ ശാസ്തമംഗലം 'പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ച' എന്ന ഗാനത്തെയും രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഒരു പൊതുപരിപാടിയിൽ സംസാരിക്കെയാണ് പാട്ടുകളെ ടി.പി ശാസ്തമംഗലം വിമർശിച്ചത്.

'ഇന്ന് പാട്ടുകേൾക്കുക എന്ന് പറയുന്നത് തന്നെ വളരെ അരോചകമായി മാറിയിരിക്കുന്നു. അടുത്ത കാലത്ത് ഒരു സിനിമ വന്നു വാഴ, നിങ്ങൾ എല്ലാവരും കണ്ട് കാണും, പുതിയ തലമുറയിൽപെട്ട വാഴ. അതിന്‍റെ പേര് തന്നെ വിചിത്രമാണ് ബയോപിക്ക് ഓഫ് എ ബില്ല്യൺ ബോയ്സ്, ഒന്നും രണ്ട് ബോയ്സിന്‍റെ അല്ല നൂറുകോടി ബോയ്സിന്‍റെ കഥയാണ്.'

'അതിലൊരു പാട്ട് ഇതാണ് 'ഏയ് ബനാനെ ഒരു പൂ തരാമോ, ഏയ് ബനാനെ ഒരു കായ് തരാമോ' ഇതിന് ഭാസ്കരൻ മാഷിനെ പോലെ ഒരു കവിയുടെ ആവശ്യമില്ല. ഒരു നഴ്സറി കുട്ടിക്ക് വരെ എഴുതാം. പിന്നെ വായിൽ കൊള്ളാത്ത എന്തൊക്കെയോ വിളിച്ചുപറയുകയാണ്. അതിലെ മറ്റൊരു പാട്ട് ഇതാണ് 'പണ്ടെങ്ങാണ്ടോ ആരൊ വാഴ വെച്ചെ' അച്ഛൻമാർ പണ്ട് ദേഷ്യം വരുമ്പോൾ പറയുമായിരുന്ന ഒരു വാചകമായിരുന്നു ഇത്, അതാണ് ഇപ്പോൾ ഗാനമായിരിക്കുന്നത്. എന്താരു വികലമാണെന്ന് നോക്കു. വരികളുടെ ആ വികലമായ ഒരു അവസ്ഥ നോക്കണേ'.

'അല്ലിയാമ്പൽ കടവിലന്ന് അരക്കുവെള്ളം, അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലെ കൊതുമ്പു വള്ളം' എന്നെഴുതിയ ഭാസ്കരൻ മാഷിന്‍റെ കുഴിമാടത്തിൽ ചെന്ന് ഇന്ന് ഈ പാട്ട് എഴുതുന്ന ആൾക്കാർ നൂറുവട്ടം തൊഴണം എന്ന് ഞാൻ പറയും,' എന്നും ടി.പി. ശാസ്തമംഗലം. പറഞ്ഞു.

കൂടാതെ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖിലാ വിമൽ, അനശ്വര രാജൻ എന്നിവർ കേന്ദ്ര പ്രധാന വേഷങ്ങളിലെത്തിയ 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിലെ ഗാനങ്ങളെയും അദ്ദേഹം വിമർശിക്കുന്നുണ്ട്. 'കൃഷ്ണ.. കൃഷ്ണ..' എന്ന തുടങ്ങുന്ന ഗാനത്തെയാണ് സിനിമാഗാന നിരൂപകൻ വിമർശിച്ചത്.