ബംഗളൂരു: കെജിഎഫ് എന്ന മെ​ഗാ ബ്ലോക്ബസ്റ്റർ ചിത്രത്തിന് ശേഷം യാഷ് നായകനായി എത്തുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായിക ​ഗീതു മോഹൻദാസിന് നേരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ടീസറിലെ ഉള്ളടക്കം 'അശ്ലീലത' നിറഞ്ഞതാണെന്ന് ആരോപണമുയരുമ്പോൾ, മുൻപ് മമ്മൂട്ടി ചിത്രം 'കസബ'യ്‌ക്കെതിരെ ​ഗീതു മോഹൻദാസ് സ്വീകരിച്ച നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും വിമർശനങ്ങൾ ശക്തമാകുന്നത്.

യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റായ എന്ന കഥാപാത്രത്തിന്റെ ടീസറാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ആക്ഷനും മാസ് രംഗങ്ങൾക്കുമൊപ്പം 'അശ്ലീലത'യും കൂട്ടിച്ചേർത്താണ് ടീസർ എത്തിയിരിക്കുന്നതെന്നാണ് വിമർശകരുടെ വാദം. 'കസബ' സിനിമയുമായി ബന്ധപ്പെട്ട് ​ഗീതു മോഹൻ​ദാസ് ഉൾപ്പെടെയുള്ളവർ മുൻപ് നടത്തിയ പരാമർശങ്ങൾ പലരും ചൂണ്ടിക്കാട്ടുന്നു. "അന്ന് കസബയ്ക്ക് എതിരെ പറഞ്ഞവരാണ് ഇപ്പോൾ, സ്ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത്. ബോർഡർ കഴിഞ്ഞാൽ പ്രശ്നമില്ലെന്നാണോ?" എന്ന് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തിൽ കുറിച്ചു

"മമ്മൂക്ക കസബയിൽ എന്തോ ചെയ്തു എന്ന് പറഞ്ഞ് ഇവരൊക്കെ എന്തൊക്കെ പറഞ്ഞതാണ്. എന്നിട്ട് ആണ് ഇമ്മാതിരി ഒരു ഐറ്റം", എന്നും മറ്റൊരു പോസ്റ്റിൽ വിമർശനം ഉയർന്നു. യാഷിന്റെ രൂപകൽപ്പന മികച്ചതല്ലെന്നും പശ്ചാത്തല സംഗീതം മാത്രമാണ് ആകെ ആകർഷകമെന്നും ചിലർ അഭിപ്രായപ്പെട്ടു. "ടോക്സിക് എന്ന പേരിട്ട് നന്മ പടം എടുക്കില്ലെന്ന് അറിയാം. പക്ഷേ ഇതൊക്കെ കുറച്ചു ഓവർ അല്ലേ ​ഗീതു മോഹൻദാസ്", എന്നും വിമർശകർ ചോദ്യമുന്നയിക്കുന്നു.

അതേസമയം, ടീസറിനെ പിന്തുണച്ചും ധാരാളം പേർ എത്തുന്നുണ്ട്. "ഇപ്പൊ തന്നെ ജഡ്ജ് ചെയ്യാൻ പോയാൽ മിക്കവാറും വടി പിടിക്കും എന്നാണ് എന്റെ തോന്നൽ. ഒരുപക്ഷെ പടം ഇതൊന്നും ആയിരിക്കില്ല", എന്ന് ഒരാൾ അഭിപ്രായപ്പെട്ടു. "ആണുങ്ങളുടെ ടോക്സിസിറ്റിയെ പറ്റിയല്ലേ പടം. സബ്ജക്ട് അതാണല്ലോ. അപ്പോൾ അതല്ലേ കാണിക്കുന്നത്", എന്നും മറ്റൊരാൾ കുറിച്ചു. സിനിമ പൂർണ്ണമായി പുറത്തിറങ്ങുന്നതിന് മുൻപ് അനാവശ്യമായി വിമർശിക്കുന്നത് ശരിയല്ലെന്നും, ടീസറും പോസ്റ്ററുകളും കണ്ട് മാത്രം ഒരു കഥയെ വിലയിരുത്തരുതെന്നും മറ്റ് ചിലർ പറയുന്നു.