കൊച്ചി: തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ 'തുടരും' എന്ന ചിത്രം 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നവംബർ 20 മുതൽ 28 വരെ ഗോവയിൽ വെച്ചാണ് മേള നടക്കുന്നത്.

ഏപ്രിൽ 25-ന് തിയേറ്ററുകളിൽ എത്തിയ 'തുടരും', 'സൗദി വെള്ളക്ക' എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ്. ചിത്രത്തിൽ മോഹൻലാൽ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും 'തുടരും'ത്തിനുണ്ട്.

ചിത്രം, മികച്ച പ്രതികരണങ്ങളിലൂടെ ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. കേരളത്തിൽ നിന്ന് മാത്രം 118 കോടി രൂപ ചിത്രം കളക്ഷനായി നേടി. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ചിത്രം ഒ.ടി.ടി. റിലീസിനു ശേഷവും മികച്ച അഭിപ്രായങ്ങൾ നേടുകയുണ്ടായി. മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.