ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ മകന്‍ ഇന്‍പനിധി ഉദയനിധി സ്റ്റാലിന്‍ സിനിമയിലേക്ക്. പ്രമുഖ സംവിധായകന്‍ മാരി സെല്‍വരാജ് ചിത്രത്തിലൂടെയാണ് ഇന്‍പനിധിയുടെ സിനിമയിലെ അരങ്ങേറ്റം. അടുത്തിടെ നാടകാഭിനയ ശില്‍പ്പശാലകളില്‍ ഇന്‍പനിധി പങ്കെടുക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിനിമയിലേക്ക് മാത്രമല്ല രാഷ്ട്രീയത്തിലും ബിസിനസിലും സജീവ സാന്നിധ്യമാകുകയാണ് ഇന്‍പനിധി ഇപ്പോള്‍. ഡിഎംകെയുടെ സമ്മേളനങ്ങളിലും സര്‍ക്കാരിന്റെ പ്രധാന പരിപാടികളിലും അദ്ദേഹം ഇപ്പോള്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

ഈയിടെയാണ് റെഡ് ജയന്റ് മൂവീസ് കമ്പനിയുടെ സിഇഒ ആയി ഈ 21-കാരന്‍ ചുമതലയേറ്റത്. ഉദയനിധി സ്റ്റാലിന്‍ 2008-ല്‍ ആരംഭിച്ച നിര്‍മാണ വിതരണ കമ്പനിയാണ് റെഡ് ജയന്റ് മൂവീസ്. കലൈഞ്ജര്‍ ടിവി മാനേജ്മെന്റിലും ഇന്‍പനിധി അംഗമാണ്. തമിഴകത്തെ സിനിമ രാഷ്ട്രീയ രംഗത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്കാണ് ഈ പുത്തന്‍ താരോദയം വഴിവെച്ചിരിക്കുന്നത്.