കൊച്ചി: മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ 'ഉദയനാണ് താരം' 21 വർഷങ്ങൾക്കുശേഷം 4K ദൃശ്യ മികവോടെ വീണ്ടും തിയറ്ററുകളിലേക്ക്. മോഹൻലാൽ, ശ്രീനിവാസൻ, റോഷൻ ആൻഡ്രൂസ് എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന ഈ ഹിറ്റ് ചിത്രം ഫെബ്രുവരി 6-ന് റീ-റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ മോഹൻലാലിന്റെ വീഡിയോ സന്ദേശത്തിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

സിനിമക്കുള്ളിലെ സിനിമയുടെ കഥ ഹാസ്യത്തിലൂടെയും ചിന്തനീയമായ മുഹൂർത്തങ്ങളിലൂടെയും അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു 'ഉദയനാണ് താരം'. റോഷൻ ആൻഡ്രൂസിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന ഈ ചിത്രം, കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. റിലീസ് ചെയ്ത സമയത്ത് ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ചിത്രം, മോഹൻലാൽ അവതരിപ്പിച്ച ഉദയൻ എന്ന കഥാപാത്രവും ശ്രീനിവാസന്റെ സൂപ്പർ സ്റ്റാർ സരോജ് കുമാറും മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ശ്രീനിവാസനാണ്. ഉദയനും സരോജ് കുമാറും തമ്മിലുള്ള രംഗങ്ങളും സംഭാഷണങ്ങളും ഇന്നും സാമൂഹിക മാധ്യമങ്ങളിലും ദൈനംദിന ജീവിതത്തിലും സജീവ ചർച്ചയാണ്. ജഗതി ശ്രീകുമാർ, സലീം കുമാർ, മുകേഷ്, മീന, ഭാവന, ഇന്ദ്രൻസ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. റീ-റിലീസ് പ്രഖ്യാപിച്ചതോടെ ആരാധകർ വലിയ ആവേശത്തിലാണ്.

എസ്. കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ദീപക് ദേവ് സംഗീതവും കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും ഔസേപ്പച്ചൻ പശ്ചാത്തല സംഗീതവും ഒരുക്കി. എ. കെ. സുനിലിന്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. രഞ്ജൻ എബ്രഹാം (എഡിറ്റർ), കരീം അബ്ദുള്ള (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), രാജീവൻ (ആർട്ട്), ആന്റോ ജോസഫ് (പ്രൊഡക്ഷൻ കൺട്രോളർ), പാണ്ഡ്യൻ (മേക്കപ്പ്), സായി (കോസ്റ്റ്യൂംസ്).

ബിനീഷ് സി. കരുൺ (ഓഫീസ് ഇൻചാർജ്), ബോണി അസനാർ (മാർക്കറ്റിങ് ഹെഡ്), മദൻ മേനോൻ (ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ) എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. പ്രസാദ് ലാബിൽ രാജ പാണ്ഡ്യനും ഹൈ സ്റ്റുഡിയോസിൽ ഷാൻ ആഷിഫും ചേർന്നാണ് കളറിംഗ് നിർവഹിച്ചത്. 4K റീ മാസ്റ്ററിംഗ് പ്രസാദ് ലാബും മിക്സിംഗ് രാജാകൃഷ്ണനും പൂർത്തിയാക്കി. മോമി & ജെപി സ്റ്റിൽസും പ്രദീഷ് സമ ഡിസൈൻസും നിർവഹിച്ചു. പി. ശിവപ്രസാദ് ആണ് പി.ആർ.ഓ.